
മഹുവ മൊയ്ത്ര എം.പി വിവാദം; ഒടുവിൽ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
text_fieldsന്യൂഡൽഹി: മഹുവ മൊയ്ത്ര എം.പിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പാർട്ടി അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ആദ്യമായാണ് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രതികരിക്കുന്നത്
മഹുവ മൊയ്ത്രയെ തൃണമൂൽ പാർട്ടി കൈയൊഴിഞ്ഞുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. തൃണമൂലിന്റെ നിശ്ശബ്ദത സൂചിപ്പിക്കുന്നത് ആരോപണങ്ങൾ അംഗീകരിക്കുന്നുവെന്നാണോ അതോ പാർട്ടി എന്തെങ്കിലും ഒളിക്കുകയാണോ എന്നാണ് ബി.ജെ.പി ചോദിച്ചത്. ഇതിന് പിന്നാലെയാണ് തൃണമൂൽ നേതൃത്വം പ്രതികരണവുമായി രംഗത്തുവന്നത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാനായി ഐ.ഡിയും പാസ്വേഡും നൽകിയതു വഴി മഹുവ ബിസിനസുകാരനിൽ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മഹുവക്കെതിരെ നടപടിയെടുക്കാൻ തൃണമൂൽ കോൺഗ്രസിന് ഭയമാണോ എന്നും ബി.ജെ.പി ചോദിച്ചിരുന്നു. മഹുവയെ മമത ബാനർജി കൈയൊഴിഞ്ഞതിൽ അതിശയിക്കാനൊന്നും ഇല്ല. അഭിഷേക് ബാനർജി ഒഴികെയുള്ള തൃണമൂൽ കോൺഗ്രസിന്റെ പല നേതാക്കളും അഴിമതിക്കേസിലും ക്രിമിനൽ കേസിലും ഉൾപ്പെട്ടപ്പോൾ മമത ബാനർജി മൗനം തുടരുകയായിരുന്നുവെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചിരുന്നു.
മഹുവ പ്രതിക്കൂട്ടിലായ വിവാദത്തിൽ ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടുന്ന പാർട്ടിയുടെ ഉന്നതനേതൃത്വത്തിന്‍റെ ആദ്യ തീരുമാനം. നേതൃത്വത്തോടോ സഹ എം.പി.മാരോടോ കാര്യമായ ബന്ധമില്ലാത്ത മഹുവയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന വികാരം പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിനേതാവ് മമതയുമായും മഹുവ സ്വരച്ചേർച്ചയിലല്ലെന്നാണ് റിപ്പോർട്ട്. മഹുവ വിഷയത്തിൽ അഴിമതിയുണ്ടോയെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയില്ല. അതിനാൽ പ്രശ്നം മഹുവതന്നെ കൈകാര്യം ചെയ്യട്ടെയെന്ന അഭിപ്രായമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
