ജഡ്ജി നിയമനം; കോടതിക്കെതിരെ വീണ്ടും കേന്ദ്രം
text_fieldsന്യൂഡൽഹി: ജഡ്ജി നിയമന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിക്കുനേരെ. തങ്ങളാണ് ഇന്ത്യൻ ഭരണഘടനക്ക് മുകളിലെന്ന് ചിന്തിക്കുന്നത് ഭരണഘടന വ്യവസ്ഥകളെയും ജനവിധിയെയും മാനിക്കാത്തവർ മാത്രമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി.
‘ജഡ്ജി നിയമനത്തിൽ പരമാധികാരം പാർലമെന്റിനാണെന്നും സുപ്രീംകോടതി പാർലമെന്റിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെ’ന്നുമുള്ളതാണ് വിവേകപൂർണമായ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനം.
ജഡ്ജി നിയമനത്തിൽ കേന്ദ്രസർക്കാറിനൊപ്പം നിന്ന് സുപ്രീംകോടതിയെ വിമർശിച്ച മുൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആർ.എസ്. ധോണിയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗം ട്വിറ്റിറിൽ പങ്കുവെച്ച കേന്ദ്ര നിയമമന്ത്രി, ഇതാണ് വിവേകമുള്ള കാഴ്ചപ്പാടെന്ന നയം വ്യക്തമാക്കി. ജനങ്ങൾ അവരുടെ പ്രതിനിധികളിലൂടെ അവരെത്തന്നെ ഭരിക്കുകയാണ്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നത് ജനങ്ങളുടെയും നിയമങ്ങളുടെയും താൽപര്യങ്ങളെയാണ്. നമ്മുടെ കോടതികൾ സ്വതന്ത്രവും ഭരണഘടനപരവുമാണ്. യഥാർഥത്തിൽ ഭൂരിപക്ഷം ജനങ്ങൾക്കും സമാനമായ വിവേകമുള്ള കാഴ്ചപ്പാടാണുള്ളത്. എന്നാൽ, തങ്ങളാണ് ഇന്ത്യൻ ഭരണഘടനക്ക് മുകളിലെന്ന് ചിന്തിക്കുന്നത് ഭരണഘടന വ്യവസ്ഥകളെയും ജനവിധിയെയും മാനിക്കാത്തവർ മാത്രമാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ജഡ്ജി നിയമനത്തിൽ കേന്ദ്രസർക്കാറും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാക്കുന്നതാണ് നിയമമന്ത്രിയുടെ രൂക്ഷ വിമർശനം. കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി വിധി തെറ്റാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകിയതിനു ശേഷമാണ് വീണ്ടും നിയമമന്ത്രി സുപ്രീംകോടതിക്കുനേരെ തിരിഞ്ഞത്. ജഡ്ജി നിയമനത്തിന് തങ്ങൾ ആവർത്തിച്ച് നൽകുന്ന ശിപാർശകൾ മടക്കാൻ കേന്ദ്രസർക്കാറിനാവില്ലെന്ന് സുപ്രീംകോടതി കൊളീജിയം 18ന് കേന്ദ്ര സർക്കാറിനെ അറിയിച്ചശേഷമുള്ള നിയമമന്ത്രിയുടെ നിലപാട് പ്രഖ്യാപനം കൂടിയാണിത്.
കേന്ദ്രം പറയുന്ന ‘വിവേകമുള്ള’ കാഴ്ചപ്പാട്
‘‘ഭരണഘടനയുണ്ടാക്കിയപ്പോഴുള്ള സംവിധാനമനുസരിച്ച് ജഡ്ജി നിയമന നടപടിക്രമം വ്യക്തമാക്കി ഒരു അധ്യായമുണ്ട്. എന്നാൽ, സുപ്രീംകോടതി ആദ്യമായി പാർലമെന്റിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. ജഡ്ജി നിയമനം ഞങ്ങൾ നടത്തും. സർക്കാറിന് ഇതിൽ പങ്കൊന്നുമില്ലെന്ന് സുപ്രീംകോടതി പറയുന്നു.
നിയമ നിർമാണത്തിൽ ആർക്കാണ് പരമാധികാരം? സുപ്രീംകോടതിക്ക് നിയമം നിർമിക്കാനാവില്ല. പിന്നെന്തിനാണ് പാർലമെന്റ്? ജഡ്ജി നിയമനത്തിൽ തങ്ങൾക്കാണ് പരമാധികാരമെന്ന് പാർലമെന്റും അല്ലെന്ന് സുപ്രീംകോടതിയും പറയുന്നു. സുപ്രീംകോടതിയെ ജനങ്ങൾ നിയമിക്കാത്തതിനാൽ ഒരിക്കലും പരമാധികാരം അവർക്കാകില്ല. ജനാധിപത്യം എത്ര കാലമുണ്ടാകുമോ അത്രയുംകാലം പാർലമെന്റ് തന്നെയായിരിക്കും പരമോന്നത സ്ഥാപനം’’.
(റിട്ട. ജസ്റ്റിസ് ആർ.എസ്. ധോണിയുടെ ഈ വാക്കുകളാണ് ജഡ്ജി നിയമനത്തിലെ വിവേകമുള്ള കാഴ്ചപ്പാടായി നിയമമന്ത്രി വ്യക്തമാക്കിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

