ഹൈകോടതി ജഡ്ജിമാരുടെ നിയമനം: സുപ്രീം കോടതി കൊളീജിയം തീരുമാനം നീളുന്നു
text_fieldsകൊച്ചി: ഹൈകോടതിയിലെ പുതിയ ജഡ്‌ജിമാരുടെ നിയമനത്തിൽ സുപ്രീം കോടതി കൊളീജിയത്തിന്‍റെ തീരുമാനം നീളുന്നു. നിലവിൽ ഒഴിവുകൾ 14 ആയി. അഭിഭാഷക വിഭാഗത്തിൽ നിന്ന് രണ്ട് പേരുകളും ജില്ല ജഡ്ജിമാരിൽനിന്ന് ഏഴു പേരുകളും ജഡ്ജി നിയമനത്തിനായി ഹൈകോടതി കൊളീജിയം ശിപാർശ ചെയ്തെങ്കിലും സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. 35 സ്ഥിരം ജഡ്‌ജിമാരും 12 അഡീഷനൽ ജഡ്ജിമാരുമടക്കം 47 പേരാണ് ഹൈകോടതിയിൽ വേണ്ടത്. എന്നാൽ, 31 സ്ഥിരം ജഡ്‌ജിമാരും രണ്ട് അഡീഷനൽ ജഡ്ജിമാരുമടക്കം 33 പേരാണ് നിലവിലുള്ളത്.
ജഡ്‌ജി നിയമനത്തിന് ഏഴ് ജില്ല ജഡ്‌ജിമാരുടെ പേരുകളുൾപ്പെട്ട പട്ടിക ഹൈകോടതി കൊളീജിയം കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതിക്ക് സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുൾപ്പെട്ട ഹൈകോടതി കൊളീജിയമാണ് പേരുകൾ ശിപാർശ ചെയ്തത്. എന്നാൽ, ചീഫ് ജസ്റ്റിസായിരുന്ന മണികുമാറും ജസ്റ്റിസ് ഭട്ടിയും നൽകിയ പട്ടികയിൽനിന്ന് രണ്ടുപേരെ ഒഴിവാക്കി മറ്റു രണ്ടുപേരുകൾ കൂട്ടിച്ചേർത്ത് ജസ്റ്റിസ് വിനോദ് ചന്ദ്രൻ മറ്റൊരു പട്ടിക സുപ്രീം കോടതി കൊളീജിയത്തിന് നൽകി. ഇങ്ങനെ രണ്ടു പട്ടികകളാണ് സുപ്രീം കോടതിയിലെത്തിയത്.
എം.ബി സ്നേഹലത, പി.ജെ. വിൻസെന്‍റ്, സി. കൃഷ്‌ണകുമാർ, ജോൺസൺ ജോൺ, ജി. ഗിരീഷ്, സി. പ്രദീപ്‌കുമാർ, ഹൈകോടതി രജിസ്ട്രാർ ജനറലായിരുന്ന പി. കൃഷ്‌ണകുമാർ എന്നിവരെയാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഭട്ടിയും ശിപാർശ ചെയ്തത്. ഇവരിൽ പി.ജെ. വിൻസെന്‍റ്, സി. കൃഷ്ണകുമാർ എന്നിവരെ ഒഴിവാക്കി കെ.വി. ജയകുമാർ, പി. സെയ്തലവി എന്നിവരുടെ പേരുകളാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ നൽകിയ പട്ടികയിലുണ്ടായിരുന്നത്. സുപ്രീം കോടതി രണ്ട് പട്ടികയിലും തീരുമാനമെടുത്തിട്ടില്ല.
ജില്ല ജഡ്‌ജിമാരുടെ പേരുകൾ ശിപാർശ ചെയ്യുന്നതിന് മുമ്പ് ശോഭ അന്നമ്മ ഈപ്പൻ, സഞ്ജിത അറയ്ക്കൽ, അരവിന്ദ് കുമാർ ബാബു എന്നീ അഭിഭാഷകരുടെ പേരുകൾ ഹൈകോടതി കൊളീജിയം ശിപാർശ ചെയ്തിരുന്നു. ശോഭ അന്നമ്മ ഈപ്പനെ ഹൈകോടതി ജഡ്‌ജിയായി നിയമിച്ചു. ശേഷിച്ച രണ്ടുപേരുടെ കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ചീഫ് ജസ്റ്റിസ് ആശിഷ്. ജെ ദേശായി, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് പുതിയ ഹൈകോടതി കൊളീജിയത്തിലെ അംഗങ്ങൾ. നിലവിലെ ശിപാർശകളിൽ സുപ്രീം കോടതി കൊളീജിയത്തിന്‍റെ തീരുമാനം അറിഞ്ഞശേഷം പുതിയ കൊളീജിയം തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

