തിരഞ്ഞുപിടിച്ച ജഡ്ജി നിയമനം പ്രശ്നമെന്ന് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ജഡ്ജി നിയമനത്തിന് കൊളീജിയം നൽകിയ പട്ടികയിൽനിന്ന് കേന്ദ്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തുന്നത് പ്രശ്നമാണെന്ന് സുപ്രീംകോടതി. ഒരു ഹൈകോടതിയിൽനിന്ന് മറ്റൊരു ഹൈകോടതിയിലേക്കുള്ള ജഡ്ജിമാരുടെ മാറ്റത്തിനുള്ള നിർദേശം നടപ്പാക്കുന്നതിലെ കാലതാമസത്തിലും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാംശു ധുലിയ എന്നിവരുടെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ സർക്കാറിനെ അലോസരപ്പെടുത്തുന്ന തീരുമാനം കൊളീജിയത്തിനോ കോടതിക്കോ എടുക്കേണ്ട സാഹചര്യമുണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും ബെഞ്ച് പറഞ്ഞു. ജഡ്ജി നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹരജികൾ കേൾക്കുകയായിരുന്നു ബെഞ്ച്.
ചിലരുടെ നിയമനം നടക്കുകയും ചിലരുടെ നിയമനം നടക്കാതിരിക്കുകയും ചെയ്യുന്നത് സീനിയോറിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്ന് പലതവണ വ്യക്തമാക്കിയതാണെന്ന് അറ്റോണി ജനറലിനെ ഓർമിപ്പിക്കുകയാണെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. മാത്രവുമല്ല, നല്ലരീതിയിൽ പ്രാക്ടീസുള്ള അഭിഭാഷകർ ന്യായാധിപരാകുന്നതിന് അനുകൂല സാഹചര്യമല്ല ഇതുണ്ടാക്കുക. ചില നിയമനങ്ങൾ വേഗത്തിൽ നടത്തിയത് സ്വാഗതം ചെയ്യുന്നു. പക്ഷേ, ചില നിയമനങ്ങൾ മാത്രം വേഗത്തിലാക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. അത് ഒഴിവാക്കണം -ജസ്റ്റിസ് കൗൾ അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയോട് പറഞ്ഞു.
ഒരു ജഡ്ജി ഏത് ഹൈകോടതിയിൽ പ്രവർത്തിക്കണമെന്ന കാര്യം ജുഡീഷ്യറിക്ക് വിടണമെന്ന് ന്യായാധിപരുടെ സ്ഥലംമാറ്റത്തിൽ കോടതി പറഞ്ഞു. സ്ഥലംമാറ്റം തീരുമാനമായാൽ പെട്ടെന്ന് നടക്കണം -ബെഞ്ച് കൂട്ടിച്ചേർത്തു. വിഷയത്തിൽ കോടതിയലക്ഷ്യത്തിന് നിയമകാര്യ സെക്രട്ടറിക്ക് സമൻസ് അയക്കണമെന്നും ഇല്ലെങ്കിൽ ഇത് പരിഹാരമില്ലാതെ തുടരുമെന്നും ഹരജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.
കോടതി ഇടപെടലുണ്ടായില്ലെങ്കിൽ എന്തും ചെയ്യാമെന്ന ധാരണ സർക്കാറിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം സർക്കാറിനെ ബോധിപ്പിക്കാമെന്ന് വെങ്കട്ടരമണി അറിയിച്ച കാര്യം കോടതി വ്യക്തമാക്കി. കേസ് നവംബർ 20ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

