രാഷ്ട്രീയ പാർട്ടികളുടെ പ്രീതിപ്പെടുത്തൽ അംബേദ്കറുടെ ആശയങ്ങൾക്ക് വിരുദ്ധം-യോഗി ആദിത്യനാഥ്; അംബേദ്കറുടെ പ്രതിമകൾ വേലികൾ നിർമിച്ച് സംരക്ഷിക്കും
text_fieldsലക്നൗ: വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി രാഷ്ട്രീയ പാർട്ടികൾ പ്രീതിപ്പെടുത്തൽ നടത്തുന്നത് ദേശീയ ഐക്യത്തിന് ഹാനികരവും ബാബാ സഹിബ് ഡോ. അംബേദ്കറുടെ ആശയങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രീതിപ്പെടുത്തൽ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ ദ്രോഹിക്കുക മാത്രമല്ല, അംബേദ്കറെ അവഹേളിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
അംബേദ്കറുടെ പ്രതിമകൾ ഏതെങ്കിലും തരത്തിലുള്ള അവഹേളനത്തിന് വിധേയമാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ സംസ്ഥാനത്തെ എല്ലാ അംബേദ്കർ പ്രതിമകളും വലിയ ഇരുമ്പു വേലികൾ നിർമിച്ച് സംരക്ഷിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. അംബേദ്കറുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും നീതിബോധം, സമത്വം സഹോദര്യം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ സംരക്ഷിക്കുന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആദിത്യനാഥ് പറഞ്ഞു.
ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കർ ട്രസ്റ്റ് അംബേദ്കറുടെ മഹാ പരിനിർവാൺ ദിവസത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. പലയിടത്തും അംബേദ്കർ പ്രതിമകൾ അവഹേളിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങൾ തടയാനായി പ്രതിമകൾക്ക് ചുറ്റും വേലികെട്ടി സംരക്ഷണ കവചം ചുറ്റിലും മുകളിലും ഒരുക്കും. അദ്ദേഹത്തിന്റെ പൈതൃകം അർഹിക്കുന്ന ബഹുമാനത്തോടെ സംസ്ഥാനം സംരക്ഷിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
1923 ൽ ഒരു കോൺഗ്രസ് നേതാവ് വന്ദേമാതരം പാടാൻ വിസമ്മതിച്ച കാര്യം ആദിത്യനാഥ് ഓർമിപ്പിച്ചു. അംബേദ്കർ ഇത്തരം കാര്യങ്ങളെക്കുറിച്ച് പണ്ടേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ പദവി അനുഭവിക്കുകയും അതിന്റെ പവിത്രതയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്ന് അംബേദ്കർ പറഞ്ഞിട്ടുള്ളതായും യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ക്ലസ് 4 ജീവനക്കാർ, കരാർ ജീവനക്കാർ, സാനിട്ടേഷൻ വർക്കർമാർ എന്നിവർക്ക് മനിമം ഓണറേറിയം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ സേവനങ്ങളിൽ ഇവർ നിർണായകമായ സ്ഥാനം വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഒരു കുടുംബത്തിനും ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാത്ത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് ഏറ്റവും പാവപ്പെട്ടവരെ സംസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ഇവർക്ക് റേഷൻ കാർഡും പെൻഷൻ കാർഡും നൽകിക്കഴിഞ്ഞു.
മഹാപരിനിർവാൺ ദിവസം വലിയ പ്രചോദനമാണ്. ബാബാസാഹിബ് വളരെ താഴ്ന്ന നിലയിൽനിന്ന് ഉയർന്നുവന്ന ആളാണ്. അനേകം സാമൂഹിക അവഗണനകളെ അതിജീവിച്ചാണ് അദ്ദേഹം ഉയർന്നുവന്നത്. ദലിതർക്കും അവഗണിക്കപ്പെട്ടവർക്കും അദ്ദേഹം ആത്മാഭിമാനം കൊടുത്തു. വിദ്യാഭ്യാസത്തിന് സമൂഹത്തെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് നാം അനുഭവിക്കുന്ന വളർച്ചയും അവസരങ്ങളും ബാബാ സഹിബിന്റെ തത്വശാസ്തത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും ആദിത്യനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

