ചെന്നൈ: മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമീഷനിൽ അവരുടെ ചികിത്സ വിവരങ്ങൾ ചെന്നൈ അപ്പോേളാ ആശുപത്രി അധികൃതർ ഹാജരാക്കി. പൊലീസ് സുരക്ഷയോടെ ഫയലുകൾ രണ്ട് ട്രോളി ബാഗുകളിലാണ് ജീവനക്കാർ എത്തിച്ചത്. ജയലളിതക്ക് നൽകിയ ചികിത്സാ വിവരങ്ങൾ ഹാജരാക്കാൻ ജസ്റ്റിസ് എ. ആറുമുഖ കമീഷൻ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചിരുന്നു.
ആശുപത്രി ചെയർമാൻ ഡോ. സി. പ്രതാപ് സി. റെഡ്ഡിയോട് നേരിട്ട് ഹാജരാകാൻ കമീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഡയറക്ടർമാരിൽ പെട്ട ഡോ. എൻ.സത്യഭാമ,ജയലളിതയുടെ മൃതദേഹം എംബാം ചെയ്ത ഡോ.സുധാ ശേഷയ്യൻ തുടങ്ങിയവർ കമീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു.
ഹൃദ്രോഗ വിദഗ്ധൻ ഡോ. സ്വാമി നാഥൻ വെള്ളിയാഴ്ച്ച കമീഷന് മുന്നിൽ മൊഴി നൽകാൻഎത്തിയിരുന്നു.
ഇതിനിടെ ആർ.കെ നഗർ എം.എൽ.എ ടി.ടി. വി ദിനകരൻ അണ്ണാഡി.എം.കെ വിമത നേതാവ് വി.കെ ശശികലയെ ബംഗളൂരുവിൽ പരപ്പന അഗ്രഹാര ജയിലിൽ സന്ദർശിച്ചു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരായ പി.വെട്രിവേൽ,തങ്കത്തമിഴ് സെൽവൻ, സെന്തിൽ ബാലാജി എന്നിവരുംഒപ്പമുണ്ടായിരുന്നു.