‘ഐ ലവ് മുഹമ്മദ്’ കാമ്പയ്‌ൻ: രാജ്യത്താകമാനം കേസെടുത്തത് 4500-ലേറെ മുസ്‌ലിംകൾക്കെതിരെ!; 265 പേർ അറസ്റ്റിൽ...
text_fieldsന്യൂഡൽഹി: ‘ഐ ലവ് മുഹമ്മദ്’ കാമ്പയ്‌നുമായി ബന്ധപ്പെട്ട് 4,505 മുസ്‌ലിംകൾക്കെതിരെ കേസെടുത്തെന്ന വിവരം പുറത്തുവിട്ട് എ.പി.സി.ആർ (അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്) റിപ്പോർട്ട്. ഒക്ടോബർ ഏഴുവരെ 265 മുസ്‌ലിംകൾ അറസ്റ്റിലായതായും എ.പി.സി.ആർ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ബറേലിയിലെ ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധങ്ങൾ: കൂട്ടമായുള്ള ശിക്ഷയെയും വിശ്വാസത്തെ ക്രിമിനൽവത്കരിക്കുന്നതിനെയും കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് -എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൗലാന തൗഖീർ റാസ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരാതി നൽകിയതിന് പിന്നാലെ ഉത്തർ പ്രദേശിലെ ബറേലിയിലെ മുസ്‌ലിംകൾക്കെതിരെ ആരംഭിച്ച അടിച്ചമർത്തലിന്റെ പശ്ചാത്തലമടക്കം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. 30 ദിവസത്തിനിടെ 23 നഗരങ്ങളിലായി 45 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എല്ലാം മുസ്‌ലിംകൾക്കെതിരെ ആയിരുന്നു. അഭിഭാഷകർക്ക് പോലും എഫ്.ഐ.ആറുകളുടെ പകർപ്പുകൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.
സായുധ കലാപമോ മരണങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും കൊലപാതകം, രാജ്യത്തിനെതിരായ കുറ്റകൃത്യം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് എഫ്.ഐ.ആറുകളിൽ ചുമത്തിയിരിക്കുന്നത്. രാത്രി വൈകി മാത്രം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് ഇതിന്‍റെ പകർപ്പ് അറസ്റ്റിലായവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ യഥാസമയം നൽകുകയും ചെയ്തില്ല.
ബറേലിയിലെ ബരാദാരിയിൽനിന്നും മുസ്‌ലിംകളെ തിരിഞ്ഞുപിടിച്ച് പിടികൂടുന്നതായി എ.പി.സി.ആർ വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദർശിച്ചപ്പോൾ പ്രദേശത്തെ അഭിഭാഷകർ അറിയിച്ചു. സായുധ സേനയെ വലിയ തോതിൽ വിന്യാസിച്ച് പ്രദേശം സംഘർഷഭരിതമാക്കുകയായിരുന്നു.
അഡ്വ. അർമന്ദ് പറയുന്നു: ‘മൗലാന തൗഖീർ റാസയുടെ ആഹ്വാന പ്രകാരം ആൾക്കൂട്ടം ഒത്തുകൂടിയത് ഒരു അക്രമ സംഭവത്തിനും കാരണമായില്ല. അവർ ഒരു വിധത്തിലുള്ള അക്രമമോ പ്രകോപനപരമായ മുദ്രാവാക്യം വിളികളോ നടത്തിയില്ല. സമാധാനപരമായ ജനക്കൂട്ടമായിരുന്നു അത്’.
‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധത്തിൽ ഒരു പങ്കുമില്ലാത്തവരുടെ പേരുകൾ മിക്ക കേസുകളിലും ചേർത്തിരുന്നെന്നും ജാഥ നടത്തുന്നത് പോലും കുറ്റകൃത്യമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു എന്ന് അഭിഭാഷകനായ ടണ്ടൻ പറഞ്ഞു.
മുനിസിപ്പൽ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചെന്ന് ആരോപിച്ച് ഇവിടെ മാത്രം 27 വീടുകൾക്ക് ബറേലി മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) നോട്ടീസ് നൽകി. കൈയേറ്റക്കാർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുകയും പൊളിക്കൽ ചെലവ് അവരിൽനിന്ന് ഈടാക്കുമെന്നും അറിയിച്ചിരുന്നത്രെ. മാത്രമല്ല, ബറേലിയിൽ മുൻകൂർ അറിയിപ്പ് കൂടാതെ നിരവധി മുസ്‌ലിംകളുടെ കടകളും ബിസിനസ് സ്ഥാപനങ്ങളും പൂട്ടിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങളൊന്നുമില്ലായിരുന്നു ഈ നടപടികൾ. ബറേലി ഭരണകൂടം മസാർ പെഹൽവാൻ മാർക്കറ്റിലെ മുസ്‌ലിംകളുടെ വിവാഹ ഹാളുകൾ, കടകൾ, മറ്റ് ബിസിനസ് സ്ഥാപനങ്ങൾ എല്ലാം അടച്ചുപൂട്ടി.
പ്രദേശവാസി എ.പി.സി.ആർ സംഘത്തോട് പറഞ്ഞതിങ്ങനെ: ‘സെപ്റ്റംബർ 29ന് സായുധ സേനയുടെ എണ്ണം വർദ്ധിച്ചു. റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ്, മുനിസിപ്പൽ കോർപ്പറേഷന്റെ ടീം, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏകദേശം 150 - 200 സായുധ ഉദ്യോഗസ്ഥർ ചൗരാഹയിൽ ഉണ്ടായിരുന്നു. 1.45 ഓടെ, രണ്ടോ മൂന്നോ വാഹനങ്ങൾ എത്തി. വൈകുന്നേരം മൂന്ന് മണി വരെ സമയമുണ്ടെന്നും ശേഷം കടകൾ സീൽ ചെയ്യുമെന്നും പറയുകയായിരുന്നു’.
ഒക്ടോബർ ഏഴിന് ബറേലിയിൽ മാത്രം അറസ്റ്റിലായവരുടെ എണ്ണം 89 ആയിരുന്നു. അറസ്റ്റിലായവരുടെ എണ്ണം ഇതിലും കൂടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിനെല്ലാം ദിവസങ്ങൾക്ക് മുമ്പ്, ‘ആരുടെ സർക്കാരാണ് ഭരിക്കുന്നതെന്ന് ബറേലിയിലെ മൗലാന മറന്നു എന്ന് തോന്നുന്നു, അവരുടെ ഭാവി തലമുറകൾ പോലും കലാപത്തിന് മടിക്കുന്ന തരത്തിലുള്ള സന്ദേശമാണ് ഞങ്ങൾ നൽകുക’ എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

