ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് : ചട്ടപ്രകാരം തീരുമാനമെടുക്കുമെന്ന് ഓം ബിർള
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയാൽ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കർ.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് തുല്യമായ ഭരണഘടനാ നടപടിയാണെന്ന് ഓം ബിർള ഓർമിപ്പിച്ചു. നേരത്തേ പ്രതിപക്ഷം നൽകിയ നീക്കങ്ങൾ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളിയിരുന്നു. നടപടികൾ ആരംഭിക്കുന്നതിന് ആവശ്യമായ ഉയർന്ന ഭരണഘടനാ മാനദണ്ഡങ്ങൾ പ്രഥമദൃഷ്ട്യാ പാലിക്കുന്നില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്.
തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷവും വിവിധ സാമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബിർളയുടെ പ്രതികരണം. ഒക്ടോബർ 26, 27 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് മുന്നോടിയായാണ് ബിർളയുടെ പ്രതികരണം. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളുമായി സംവദിക്കും.
നിലവിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയെങ്കിലും പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങൾ ബിർള ഒഴിവാക്കി. അത്തരം ചോദ്യങ്ങൾ രാഷ്ട്രീയ പാർട്ടികളോടാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ആഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ഔദ്യോഗികമായി പിരിച്ചുവിടാത്തതിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കം മുറുകുകയാണ്. വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരാൻ കുറഞ്ഞ നോട്ടീസ് വ്യവസ്ഥ ദുരുപയോഗം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഭരണഘടനയുടെ 85-ാം അനുച്ഛേദം ഇതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ടെന്നും മുൻകാലങ്ങളിലും സമാനമായ രീതിയിൽ സമ്മേളനങ്ങൾ ദീർഘിപ്പിച്ചിട്ടുണ്ടെന്നും ബിർള പറഞ്ഞു. ഇക്കാര്യത്തിൽ സ്പീക്കർക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

