കുറ്റകൃത്യത്തിന്‍റെ സാമൂഹികാഘാതം കൂടി പരിഗണിച്ചു വേണം മുൻകൂർ ജാമ്യം നൽകാൻ -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാകുമ്പോൾ തന്നെ, കുറ്റകൃത്യത്തിന്‍റെ സാമൂഹികാഘാതം കൂടി പരിഗണിച്ചു വേണം മുൻകൂർ ജാമ്യം നൽകാനെന്ന് സുപ്രീംകോടതി. കുറ്റകൃത്യത്തിന്‍റെ ഗൗരവം, സമൂഹത്തിലുണ്ടാകുന്ന ആഘാതം, നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണത്തിന്‍റെ ആവശ്യകത എന്നിവയും കോടതികൾ പരിഗണിക്കണമെന്ന് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതോടൊപ്പം, കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിശോധിക്കുകയും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടോയെന്ന് തീരുമാനിക്കുകയും വേണം. അറസ്റ്റ് ചെയ്യാനുള്ള അധികാരത്തിന്‍റെ ദുരുപയോഗം തടയുന്നതിനും നിരപരാധികളായ വ്യക്തികളെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് മുൻകൂർ ജാമ്യം. വ്യക്തിയുടെ അവകാശവും നിയമത്തിന്‍റെ അധികാരവും തമ്മിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ പുലർത്തുകയെന്ന വെല്ലുവിളി മുൻകൂർ ജാമ്യത്തിനുണ്ട്. ഓരോ കേസിന്‍റെയും സാഹചര്യം പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കൽ നിർണായകമാണ് -കോടതി പറഞ്ഞു. കോടികൾ വിലവരുന്ന ഭൂമി വ്യാജ രേഖയുണ്ടാക്കി ഉടമസ്ഥാവകാശം മാറ്റിയ കേസിലെ പ്രതികൾക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
വ്യാജരേഖയുണ്ടാക്കിയുള്ള ഭൂമി ഇടപാട് വ്യക്തികൾക്കും നിക്ഷേപകർക്കും സാമ്പത്തിക നഷ്ടം മാത്രമല്ല, വികസന പദ്ധതികളെ തടസ്സപ്പെടുത്തുകയും പൊതുജനവിശ്വാസം ഇല്ലാതാക്കുകയും സാമൂഹിക സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

