ബംഗളൂരുവിൽ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ പൊലീസ് കൈയ്യേറ്റം: അന്വേഷണത്തിന് ഉത്തരവിട്ട് പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടും പ്രതിഷേധിച്ച സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ കൈയേറ്റത്തിലും മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിലും കടുത്ത നടപടിയുമായി കർണാടക സർക്കാർ. സമരം തടയുന്നതിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ഉത്തരവിട്ടു. വിഷയത്തിൽ അന്വേഷണം നടത്തി കർശന നടപടി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
‘സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണ്. അത് സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. അല്ലാതെ അടിച്ചമർത്തപ്പെടേണ്ട ഒന്നല്ല,’ പ്രിയങ്ക് ഖാർഗെ എക്‌സിൽ കുറിച്ചു. സമാധാനപരമായ പ്രക്ഷോഭങ്ങളെ തടസ്സപ്പെടുത്തരുതെന്ന് പൊലീസിന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും, ക്രമസമാധാനം പാലിക്കുക എന്നതിനൊപ്പം തന്നെ ജനങ്ങളുടെ ശബ്ദത്തിന് സംരക്ഷണം നൽകുക എന്നതും സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച കെ.ആർ സർക്കിളിന് സമീപത്തുനിന്ന് കർണാടക മുഖ്യ തെഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് 'മൈ വോട്ട്, മൈ റൈറ്റ്' കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാർഥികൾ, അഭിഭാഷകർ, മുതിർന്ന പൗരന്മാർ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘത്തെ പൊലീസ് ക്രൂരമായി ബലപ്രയോഗത്തിലൂടെ നേരിടുകയായിരുന്നു. മാർച്ചിലുണ്ടായിരുന്ന പ്ലക്കാർഡുകൾ പിടിച്ചെടുക്കുകയും പ്രതിഷേധക്കാരെ ബലമായി ബസുകളിലേക്ക് വലിച്ചിഴച്ച് കയറ്റുകയും ചെയ്തിരുന്നു.
പ്രതിഷേധ രംഗങ്ങൾ പകർത്തിയ ഫോട്ടോ ജേണലിസ്റ്റുകളെയും ദൃശ്യമാധ്യമ പ്രവർത്തകരെയും സാധാരണ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരടക്കം ചേർന്ന് മർദിക്കുകയും ഫോണുകൾ പിടിച്ചെടുത്ത് ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി സംഘാടകർ ആരോപിച്ചു.
അതേസമയം, പ്രതിഷേധക്കാർ അനുമതിയില്ലാതെയാണ് സംഘടിച്ചതെന്നും അവരെ ഫ്രീഡം പാർക്കിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വഴങ്ങാത്തതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് സെൻട്രൽ ഡി.സി.പി അക്ഷയ് എം ഹകെ വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകരുമായുണ്ടായ തർക്കം അനാവശ്യവും അപ്രതീക്ഷിതവുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

