സിഖ് വിരുദ്ധ കലാപം: ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ വടക്കൻ ഡൽഹിയിലെ പുൽബംഗഷ് മേഖലയിൽ മൂന്നു പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കൊലപാതകത്തിന് കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. ടൈറ്റ്‌ലറിനെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് പ്രത്യേക സി.ബി.ഐ ജഡ്ജി രാകേഷ് സിയാൽ ഉത്തരവിൽ പറഞ്ഞു.
1984 നവംബർ ഒന്നിന് ഗുരുദ്വാര പുൽ ബംഗഷിന് മുന്നിൽ വെളുത്ത അംബാസഡർ കാറിൽ നിന്ന് ടൈറ്റ്‌ലർ പുറത്തിറങ്ങി ‘സിഖുകാരെ കൊല്ലൂ’ എന്ന് ആക്രോശിച്ചതായി ഒരു സാക്ഷി നേരത്തെ മൊഴിനൽകിയിരുന്നു. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ഭവനഭേദനം, മോഷണം തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഔപചാരികമായി കുറ്റം ചുമത്തുന്നതിനായി സെപ്റ്റംബർ 13ലേക്ക് കോടതി കേസ് മാറ്റിയിട്ടുണ്ട്. 1984ൽ പ്രധാനമന്ത്രി ഇന്ദിരഗാന്ധി സിഖ് അംഗരക്ഷകരാൽ കൊല്ലപ്പെട്ടതിനെതുടർന്ന് ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി സിഖ് വംശജർക്കെതിരെ കലാപം നടത്തിയെന്നാണ് കേസ്.
ജഗദീഷ് ടൈറ്റ്‌ലറടക്കം കോൺഗ്രസ് മുൻ നേതാക്കളായ എച്ച്.കെ.എൽ. ഭഗത്, സജ്ജൻ കുമാർ, ധർമ്മദാസ് ശാസ്ത്രി എന്നിവരും കേസിൽ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

