ഹിന്ദി വിരുദ്ധ ബിൽ: ധിറുതിപിടിച്ച് വേണ്ടെന്ന് ഡി.എം.കെ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ സമ്മേളനത്തിൽ ‘ഹിന്ദി വിരുദ്ധ ബിൽ’ അവതരിപ്പിക്കാൻ ഡി.എം.കെ ആലോചന നടത്തിയിരുന്നുവെങ്കിലും ധിറുതിപിടിച്ച നീക്കം വേണ്ടെന്ന് തീരുമാനം. തമിഴകമൊട്ടുക്കും ഹോർഡിങ്ങുകൾ, ബോർഡുകൾ തുടങ്ങിയവയിൽ ഹിന്ദി ഉപയോഗിക്കുന്നതും ഹിന്ദി സിനിമകൾക്കും ഗാനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്നതുമാണ് നിർദിഷ്ട ബിൽ.
സംസ്ഥാനത്ത് പൂർണമായും ഹിന്ദി നിരോധിക്കുന്ന ബില്ലിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഡി.എം.കെ പുതിയ നീക്കത്തിൽനിന്ന് പിന്മാറിയെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടൻ വിജയ്യുടെ രാഷ്ട്രീയ രംഗപ്രവേശത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദി ഭാഷക്കെതിരായ നീക്കം ശക്തിപ്പെടുത്തി തമിഴ് വികാരം ആളിക്കത്തിക്കുകയെന്ന തന്ത്രമാണ് ഡി.എം.കെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ഹിന്ദി അടിച്ചേൽപിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഭരണഘടനാവിരുദ്ധമായ നിലപാട് സ്വീകരിക്കില്ലെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. നടപ്പ് തമിഴ്നാട് നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ഡി.എം.കെ ബിൽ കൊണ്ടുവരുമെന്നാണ് പ്രചാരണം. എന്നാൽ, ഡി.എം.കെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയ ചില വിദ്യാഭ്യാസ ബില്ലുകൾക്ക് അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് റഫർ ചെയ്ത ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

