ധൂർത്തിന്റെ ലോക്പാൽ മാതൃക; അഴിമതിക്കെതിരെ പോരാടാൻ നിയോഗിച്ച ലോക്പാൽ സമിതിക്ക് അഞ്ച് കോടി മുടക്കി ആഡംബര കാറുകൾ
text_fieldsrepresentational image
ന്യൂഡൽഹി: പൊതുപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി കേസുകൾ അന്വേഷിക്കാനും നടപടിയെടുക്കാനുമായി രൂപവത്കരിച്ച ലോക്പാൽ സമിതി തന്നെ ധൂർത്തിൽ മാതൃകയാകുന്നു. അഴിമതിയും ദുർവ്യയവും തടയാൻ നിയോഗിച്ച സമിതി സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച അംഗങ്ങൾക്കായി വാങ്ങുന്നത് അഞ്ച് കോടിയോളം രൂപ ചിലവിൽ ഏഴ് ബി.എം.ഡബ്ല്യൂവിന്റെ അത്യാഡംബര വാഹനങ്ങൾ.
ചെയർമാനും, ആറ് അംഗങ്ങളുമുള്ള ലോക്പാൽ സമിതിയുടെ ഉപയോഗത്തിനായാണ് ബി.എം.ഡബ്ല്യൂ ത്രീ സീരിസിലെ 330 എൽ.ഐ കാറുകൾ വാങ്ങാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. ന്യൂഡൽഹിയിൽ വാഹനത്തിന്റെ ഓൺ റോഡ് നിരക്ക് 69.5 ലക്ഷം രൂപയാണ്. ഏഴ് കാറുകൾ നിരത്തിലിറങ്ങുമ്പോഴേക്കും ചിലവ് 4.86 കോടിരൂപയിലെത്തും. മറ്റു ചിലവുകൾ സഹിതം അഞ്ച് കോടിയോളം വരും. കാറ് വാങ്ങുന്നതിനും, ഡ്രൈവർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതും ഉൾകൊള്ളിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചു.
വാഹനം ഡെലിവറി ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ ഡ്രൈവർമാർക്കും ജീവനക്കാർക്കും കാറുകൾ സുരക്ഷിതമായി ഓടിക്കുന്നതിനുള്ള പരിശീലനം നൽകണമെന്ന് ടെൻഡർ രേഖയിൽ പറയുന്നു. 50 മുതൽ 100 കിലോമീറ്റർ വരെ ഡ്രൈവിങ് പരിശീലനം നൽകണമെന്നും ആവശ്യമുണ്ട്. വാഹനത്തിന്റെ മുഴുവൻ സവിശേഷതകളും അംഗീകാരമുള്ള പരിശീലകന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പകർന്നു നൽകണം.
നവംബർ ആറിനുള്ളിൽ ബിഡ് സമർപ്പിക്കണമെന്നും, തെരഞ്ഞെടുക്കുന്ന വാഹന വിതരണക്കാർ 30 ദിവസത്തിനുള്ളിൽ മുഴുവൻ വാഹനങ്ങളും കൈമാറണമെന്നും നിർദേശിക്കുന്നു.
അഞ്ച് കോടി രൂപയോളം പൊതുഖജനാവിൽ നിന്ന് ചെലവഴിച്ച് നടത്തുന്ന ലോക്പാലിന്റെ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അഴിമതിക്കെതിരെ പോരാടാൻ നിയോഗിച്ച സ്ഥാപനം നികുതി പണം ഉപയോഗിച്ച് വലിയ ആഡംബര വാഹനം വാങ്ങി ഉപയോഗിക്കുന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമായും വിമർശിക്കപ്പെടുന്നു.
ലോക്പാൽ സമിതിയുടെ ആഡംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ രംഗത്തെത്തി.
‘ലോക്പാലിനെ പൊടിതട്ടിയെടുത്ത മോദി സർക്കാർ, അഴിമതിയെകുറിച്ചൊന്നും ബോധവാന്മാരാല്ലാത്ത ആഡംബര പ്രിയരായ ദാസന്മാരെ നിയമിച്ചു. അവർ സ്വന്തം ആവശ്യങ്ങൾക്കായി ഇപ്പോൾ ബി.എം.ഡബ്ല്യു കാറുകൾ വാങ്ങുന്നു’ -പരിഹാസത്തോടെ പ്രശാന്ത് ഭൂഷൺ ‘എക്സ്’ പേജിൽ കുറിച്ചു.
കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും ലോക്പാലിന്റെ ധൂർത്തിനെതിരെ ആഞ്ഞടിച്ചു. അഴിമതിക്കെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട സ്ഥാപനം, അഞ്ച് കോടിക്ക് ഏഴ് ബി.എം.ഡബ്ല്യൂ വാങ്ങുന്നു. ആർ.എസ്.എസ് പിന്തുണയോടെ കോൺഗ്രസ് സർക്കാറിനെതിരെ താഴെയിടാൻ മാത്രമായി രൂപംകൊണ്ട പ്രക്ഷേഭങ്ങളുടെ തുടർച്ചയായി പിറവിയെടുന്ന അതേ ലോക്പാൽ -ഷമ ‘എക്സിൽ’ കുറിച്ചു.
റിട്ട. സുപ്രീം കോടതി ജഡ്ജ് എ.എം ഖൻവിൽകറാണ് ഏഴംഗ ലോക്പാൽ സമിതിയുടെ ചെയർമാൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യവുമാണ് ലോക്പാൽ സമിതി ചെയർമാനുള്ളത്. അംഗങ്ങൾക്ക് സുപ്രീം കോടതി ജഡ്ജിമാരുടെ അതേ ശമ്പളവും ലഭിക്കും.
ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിെരയുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ തലത്തിലുള്ള സ്ഥാപനമാണ് ലോക്പാൽ സമിതി. അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനുള്ള ഓംബുഡ്‌സ്‌മാനായും ഇത് പ്രവര്‍ത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

