താജ്മഹലിന്‍റെ സുരക്ഷ കൂട്ടും; ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ തീരുമാനം
text_fieldsആഗ്ര: പാകിസ്താനുമായുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ താജ്മഹലിന്‍റെ സുരക്ഷ കൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ സി.ഐ.എസ്.എഫും ഉത്തർപ്രദേശ് പൊലീസുമാണ് ചരിത്രനിർമിതിക്ക് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം വ്യോമാക്രമണമുണ്ടായാൽ അതും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് അധികൃതർ തയാറെടുക്കുന്നത്.
മേയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിന് ശേഷം നിരവധി ഡ്രോൺ ആക്രമണങ്ങൾ പാകിസ്താന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അതിർത്തി മേഖലയിലെ വിവിധയിടങ്ങളിൽ ഷെല്ലാക്രമണവും മിസൈൽ ആക്രമണവുമുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് താജ്മഹലിന്‍റെ സുരക്ഷ കൂട്ടാൻ തീരുമാനമായത്. ഏതാനും ദിവസങ്ങൾക്കകം പുതിയ പ്രതിരോധ സംവിധാനം പ്രവർത്തനക്ഷമമാകും.
ഡ്രോൺ പ്രതിരോധ സംവിധാനത്തിന് എട്ടുകിലോമീറ്റർ ചുറ്റളവിൽ വരെയുള്ള ആക്രമണങ്ങൾ തടയാനാകുമെന്ന് താജ് സെക്യൂരിറ്റി എ.സി.പി സയ്യിദ് ആരിബ് അഹ്മദ് പറഞ്ഞു. എന്നാൽ താജ്മഹലിന്‍റെ പ്രധാന കെട്ടിടത്തിന്‍റെ 200 മീറ്റർ ചുറ്റളവിലാകും പ്രാഥമികമായി പ്രതിരോധമൊരുക്കുക. ഈ മേഖലയിൽ പ്രവേശിക്കുന്ന ഡ്രോണുകളുടെ സിഗ്നലുകൾ ജാമാക്കി നിഷ്ക്രിയമാക്കും. പുതിയ സുരക്ഷാ സംവിധാനം പ്രവർത്തിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയാണെന്നും അദ്ദഹം പറഞ്ഞു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള താജ്മഹൽ ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ചരിത്ര നിർമിതികളിൽ ഒന്നാണ്. വിദേശത്തും സ്വദേശത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിനു പേർ സന്ദർശക്കുന്ന ഇവിടുത്തെ സുരക്ഷ ഉറപ്പാക്കുകയെന്നത് സുപ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

