അഭിഷേകിന് പിന്നാലെ തൃണമൂൽ എം.പി കല്യാൺ ബാനർജിക്കു നേരെയും ആക്രമണം; കൊൽക്കത്തക്ക് സമീപം സംഘർഷം
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പുമായ കല്യാൺ ബാനർജിക്ക് ഞായറാഴ്ച ഹൂഗ്ലി ജില്ലയിലെ ചണ്ഡിതല പൊലീസ് സ്റ്റേഷന് സമീപം നടന്ന സംഘർഷത്തിൽ തലക്ക് പരിക്കേറ്റു. അറസ്റ്റിലായ തങ്ങളുടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കാൻ തൃണമൂൽ പ്രവർത്തകർ എത്തിയ സമയത്ത് ബി.ജെ.പി പ്രവർത്തകരുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു.
പ്രതിഷേധക്കാരെ 'കള്ളന്മാർ' എന്ന് വിളിച്ച് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതോടെ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും സംഭവ സ്ഥലത്ത് വിന്യസിക്കേണ്ടി വന്നു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നേരെയുള്ള പ്രകോപനമില്ലാത്ത ആക്രമണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിൽ കല്യാൺ ബാനർജി പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കല്യാൺ ബാനർജിക്ക് പരിക്കേറ്റില്ലെന്ന് പറഞ്ഞ് ആരോപണങ്ങളെ ബി.ജെ,പി നിഷേധിച്ചു. സഹതാപം പിടിച്ചുപറ്റാനും വാർത്തകളിൽ നിറഞ്ഞുനിൽക്കാനും വേണ്ടി അദ്ദേഹം പരിക്കേറ്റതായി അഭിനയിക്കുകയാണെന്നാണ് ആരോപണം. അതേസമയം, എം.പിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ശകതമായി അപലപിച്ചു.
കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ സോനാർപ്പൂരിൽ ആക്രണണം നടന്നിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിൽ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാൻ ശനിയാഴ്ച അഭിഷേക് ബാനർജി എത്തിയപ്പോൾ, കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ഒരു സംഘം ആളുകൾ മുട്ടയും കല്ലും എറിയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അഭിഷേക് ബാനർജിയെ രക്ഷിച്ചത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

