Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്‌ പരീക്ഷ ഭീതിയിൽ...

നീറ്റ്‌ പരീക്ഷ ഭീതിയിൽ വീണ്ടും ആത്മഹത്യ; തമിഴ്നാട്ടില്‍ ഇതുവരെ 22 മരണം

text_fields
bookmark_border
Medical PG Allotment
cancel

ചെന്നൈ: നീറ്റ്‌ പരീക്ഷക്ക് തയാറെടുത്തിരുന്ന വിദ്യാർഥിനി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. എരവർ സ്വദേശിയായ ഭൈരവിയാണ് മരിച്ചത്. പരീക്ഷ ഉത്കണ്ഠയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്തൂരിലെ നീറ്റ് കോച്ചിങ് സെന്‍ററിലാണ് പരിശീലനത്തിനായി ഭൈരവി ചേർന്നിരുന്നത്. പഠന സമയത്ത് മാനസികമായി പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. എന്ത് വന്നാലും പഠനം തുടരണമെന്നായിരുന്നു ഞങ്ങൾ അവളോട് പറഞ്ഞതെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു.

മൂന്ന് ദിവസം മുമ്പാണ് ഭൈരവി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഈ മൂന്ന് ദിവസവും ആരും അറിഞ്ഞില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പെട്ടെന്ന് ബോധരഹിതയായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. ആദ്യം കല്ലക്കുറിശ്ശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് മരണം സംഭവിക്കുന്നത്.

എം.ബി.ബി.എസ് പഠിക്കാനുള്ള ആഗ്രഹമാണ് കോച്ചിംഗിന് പോകാനുള്ള കാരണമെന്നും കഴിഞ്ഞ വർഷം നീറ്റ് പരീക്ഷക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ഭൈരവിയുടെ സഹോദരൻ അരവിന്ദ് പറഞ്ഞു. പിന്നീടാണ് ആത്തൂരിലെ നീറ്റ് കോച്ചിംഗ് സെന്‍ററിൽ ചേർന്നത്. എന്നാൽ പഠിപ്പിക്കുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും സ്കോർ കുറയുമോയെന്ന ഭയമുണ്ടായതായും അരവിന്ദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദേശീയ പൊതുപ്രവേശന പരീക്ഷ ഒഴിവാക്കി 12-ാം ക്ലാസ് പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം അനുവദിച്ചിരുന്ന മുന്‍ സമ്പ്രദായത്തിലേക്ക് മടങ്ങുന്ന ബില്‍ തമിഴ്നാട് നിയമസഭയിൽ പാസാക്കിയിരുന്നു. ബില്ലിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നേരിട്ട് കത്ത് നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്ത് കൈമാറിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) തമിഴ്നാട്ടിലുടനീളം കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.

ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ വകുപ്പും ആയുഷ് മന്ത്രാലയവും ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയതായി രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ബില്ലിന് അംഗീകാരം നല്‍കാൻ കാലതാമസം ഉണ്ടാകുന്നതിലൂടെ ഉയര്‍ന്ന ഫീസിലുള്ള കോച്ചിംഗ് സൗകര്യങ്ങള്‍ താങ്ങാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ പ്രവേശനം നഷ്ടമായതെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

നീറ്റ് പരീക്ഷ ഭീതിയിൽ തമിഴ്നാട്ടില്‍ ഇതുവരെ 22 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഡി.എം.കെ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ നീറ്റ് വരുത്തിയ ആഘാതം പഠിക്കുന്നതിനായി റിട്ടയേര്‍ഡ് ജസ്റ്റിസ് എ.കെ രാജന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനുകളും ഉപയോഗപ്പെടുത്താം. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET examTamil Nadu
News Summary - Another suicide due to fear of NEET exam; 22 deaths in Tamil Nadu so far
Next Story