കോട്ടയിൽ ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി; ഈ വർഷം മരിച്ചത് 26 പേർ
text_fieldsകോട്ട (രാജസ്ഥാൻ): മത്സരപരീക്ഷ പരിശീലനത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഇത്തവണ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്. ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ആത്മഹത്യയാണിത്. ഈ വർഷം എട്ടുമാസത്തിനകം 26 പേർ ജീവനൊടുക്കി.
ഉത്തർപ്രദേശിലെ മൗ പ്രദേശവാസിയാണ് തിങ്കളാഴ്ച മരിച്ചതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ഭഗവത് സിങ് ഹിംഗർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് രാജസ്ഥാനിലെ കോട്ടയിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) തയ്യാറെടുക്കുകയായിരുന്ന 16 വയസ്സുകാരി തൂങ്ങിമരിച്ചിരുന്നു.
പ്രതിവർഷം രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പരീക്ഷകൾക്ക് പരിശീലനം നേടാൻ കോട്ടയിലെ കോച്ചിങ് സെന്ററുകളിൽ എത്തുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)