Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാംഗത്വം രാജിവെച്ച് ബംഗാളി നടി കോയൽ മല്ലിക്

text_fields
bookmark_border
Koel Mullick
cancel
camera_alt

കോയൽ മല്ലിക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) വീണ്ടും കനത്ത തിരിച്ചടി. പ്രമുഖ ബംഗാളി നടിയും രാജ്യസഭാ എം.പിയുമായ കോയൽ മല്ലിക് രാജ്യസഭാംഗത്വം രാജിവെച്ചു. തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വെറും നാല് മാസം പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി കോയൽ രാജി സമർപ്പിച്ചത്. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെയാണ് കോയലിന്റെ രാജി. മുതിർന്ന തൃണമൂൽ എം.എൽ.എയും മമതയുടെ വിശ്വസ്തനുമായ മദൻ മിത്ര, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കോയലിന്റെ ഈ പിന്മാറ്റം.

പ്രമുഖ ബംഗാളി നടൻ രഞ്ജിത് മല്ലിക്കിൻ്റെ മകളായ കോയലിനെ, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഗായകൻ ബാബുൽ സുപ്രിയോ, മുൻ ഡി.ജി.പി രാജീവ് കുമാർ, മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി എന്നിവർക്കൊപ്പമായിരുന്നു കോയൽ മല്ലിക് രാജ്യസഭാംഗത്വം നേടിയത്. ബംഗാളി സിനിമ നടി എന്ന നിലയിലുള്ള ജനപ്രീതി തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന മമതയുടെ കണക്കുകൂട്ടലായിരുന്നു ഈ നീക്കത്തിന് പിന്നിൽ. കഴിഞ്ഞ മേയ് മാസത്തിൽ പരമ്പരാഗത ബംഗാളി ശൈലിയിലുള്ള വെള്ളയും ചുവപ്പും കലർന്ന സാരി ധരിച്ച്, ബംഗാളി ഭാഷയിലായിരുന്നു കോയൽ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.

കോയൽ മല്ലിക്കിൻ്റെ രാജിയോടെ രാജ്യസഭയിൽ പാർട്ടിയുടെ അംഗബലം 13ൽ നിന്ന് 9 ആയി ചുരുങ്ങി. മേയ് മാസത്തിൽ നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷമാണ് തൃണമൂൽ വലിയൊരു തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ, ടി.എം.സിയുടെ 80 എം.എൽ.എമാരിൽ 60 പേരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത ചേരിയിലേക്കുള്ള നീക്കം നടത്തി. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയും അജിത് പവാറും നടത്തിയതിന് സമാനമായ വിമത നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പാർട്ടിയിലെ അമിത ഇടപെടലുകളിലുള്ള കടുത്ത അതൃപ്തിയാണ് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മമതയുടെ വിശ്വസ്തനായിരുന്ന മദൻ മിത്ര അടക്കമുള്ളവർ അഭിഷേക് ബാനർജിയെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് വിമത ക്യാമ്പിൽ എത്തിയത്. സ്പീക്കർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി വിമതർ അംഗീകരിക്കുകയും ചെയ്തു. ആദ്യമായി എം.എൽ.എ ആയ വ്യക്തിയാണെങ്കിലും, മുൻപ് ഇടത് പ്രതിനിധിയായും തൃണമൂൽ പ്രതിനിധിയായും രണ്ട് തവണ രാജ്യസഭാംഗമായിരുന്ന ഋതബ്രതയാണ് വിമതനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കൂടാതെ, പതിറ്റാണ്ടുകളായി മമതയോടൊപ്പം ഉണ്ടായിരുന്നവരടക്കം 20 ലോക്‌സഭാ എം.പിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ) എന്ന പുതിയ പാർട്ടിയിൽ ലയിക്കുകയും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കോയൽ മല്ലിക്കിന് മുമ്പ് രാജി സമർപ്പിച്ച സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ്, പ്രകാശ് ചിക് ബരാക് എന്നിവരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയുടെ അടിത്തറയെ ബാധിച്ചിരുന്നു. ഇവർ നേരിട്ട് ബി.ജെ.പിയിൽ ചേരുകയാണുണ്ടായത്. സുസ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബി.ജെ.പിയിലേക്ക് മാറിയത്.

തെരഞ്ഞെടുപ്പിലേറ്റ പരാജയം തൃണമൂൽ കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരികയാണ് ചെയ്തത്. ബി.ജെ.പി സർക്കാരിന്റെ രൂപീകരണത്തോടെയാണ് മുൻ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ മറുപക്ഷത്തേക്ക് ഒഴുകാൻ തുടങ്ങിയത്. മമതയോട് കൂറുണ്ടെന്ന് വിമതർ ഇപ്പോഴും അവകാശപ്പെടുന്നുണ്ടെങ്കിലും, പാർട്ടിയുടെ പൂർണ നിയന്ത്രണം അഭിഷേക് ബാനർജിയിലേക്ക് പോകുന്നതിലാണ് ഭൂരിഭാഗം നേതാക്കൾക്കും പാർട്ടി വിട്ടതെന്നാണ് വിമതർ വ്യക്തമാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another setback for Trinamool Congress Bengali actress Koel Mullick resigns from Rajya Sabha
Next Story