ഫരീദാബാദിൽ വീണ്ടും റെയ്ഡ്
text_fieldsഫരീദാബാദ്: കഴിഞ്ഞദിവസം, 3000 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഡോക്ടർമാർ അടക്കം പിടിയിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഹരിയാനയിലെ ഫരീദാബാദിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
തിങ്കളാഴ്ച രാത്രി ഡൽഹിയിലുണ്ടായ സ്ഫോടനവുമായും കഴിഞ്ഞദിവസത്തെ അറസ്റ്റിന് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം പിടിയിലായ രണ്ട് ഡോക്ടർമാരും അൽ ഫലാഹ് യൂനിവേഴ്സിറ്റിയിലാണ് പ്രവർത്തിച്ചിരുന്നത്.
സ്ഫോടനത്തിൽ ചാവേറായതായി കരുതപ്പെടുന്ന ഡോക്ടർ ഉമർ നബിയും ഇവിടെ പ്രവർത്തിച്ചതായി വിവരമുണ്ട്. അതുകൊണ്ടുതന്നെ, മേഖലയിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്താൻ സാധ്യത മുന്നിൽക്കണ്ടായിരുന്നു റെയ്ഡ്.
ധൗജ് പൊലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. സാഹചര്യം നിലവിൽ ശാന്തമാണെങ്കിലും ജാഗ്രത തുടരുകയാണെന്ന് ഹരിയാന പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. അതേസമയം, ഉച്ചവരെയുള്ള പരിശോധനയിൽ സ്ഫോടന വസ്തുക്കൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകൾ അടക്കമുള്ള പൊതുയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

