Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതക്ക് വീണ്ടും...

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ വിട്ട് വിമതർക്കൊപ്പം ചേർന്ന് മദൻ മിത്ര

text_fields
bookmark_border
മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ വിട്ട് വിമതർക്കൊപ്പം ചേർന്ന് മദൻ മിത്ര
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും കനത്ത പ്രഹരം. പാർട്ടിയുടെ മുതിർന്ന നേതാവും കമർഹാട്ടി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമായ മദൻ മിത്ര ഔദ്യോഗിക ചേരി വിട്ട് ഋതബ്രത ബാനർജി നയിക്കുന്ന വിമത പക്ഷത്തിനൊപ്പം ചേർന്നു. തൃണമൂൽ കോൺഗ്രസ് ഇപ്പോൾ കഷണങ്ങളായി വിഭജിക്കപ്പെട്ട ഒരു പാർട്ടിയായി മാറിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഞാൻ നിയമസഭയിലെ എന്റെ മുറി മാത്രമാണ് മാറ്റിയത്, വീടല്ല. ഞാൻ ഇപ്പോഴും തൃണമൂൽ കോൺഗ്രസിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നതെന്ന് വിമത ചേരിയിൽ അംഗത്വമെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മദൻ മിത്ര പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, രണ്ടാഴ്ച മുമ്പാണ് മമത ബാനർജി മദൻ മിത്രയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. തൃണമൂലിന്റെ ബംഗാൾ പ്രസിഡന്റായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മദൻ മിത്രയുടെയും അപ്രതീക്ഷിത നീക്കം. 1998ൽ പാർട്ടി രൂപീകരിച്ചതു മുതൽ തൃണമൂലിന്റെ മുൻനിര മുഖമായിരുന്ന നേതാവാണ് മദൻ മിത്ര.

2011 മുതൽ തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിക്ക് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടി വന്നത്. 294ൽ 208 സീറ്റുകൾ നേടി ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ വരികയും മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പാർട്ടിയിൽ വലിയ രീതിയിലുള്ള പിളർപ്പുണ്ടായത്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ചേരിക്ക് നിലവിൽ 58 ടി.എം.സി എം.എൽ.എമാരുടെ പിന്തുണയുണ്ട്. കഴിഞ്ഞ മാസം ചേർന്ന പ്രത്യേക യോഗത്തിൽ മമത ബാനർജിയെ പാർട്ടി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് വിമതർ നീക്കുകയും അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിലവിൽ വിമത വിഭാഗം ഋതബ്രത ബാനർജിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് ഇവർ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

പാർട്ടിയുടെ 28 ലോക്‌സഭാ എം.പിമാരിൽ 20 പേരും ഇതിനകം തന്നെ ഔദ്യോഗിക നേതൃത്വവുമായി അകന്ന് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കുകയും, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madan Mitrathrinamool congressTMCmamatha banerji
News Summary - Another Blow To Mamata: TMC Veteran Madan Mitra Joins Rebel Faction Led By Ritabrata Banerjee
Next Story