ബി.ജെ.പിയിൽനിന്ന് രാജിവെച്ച് അണ്ണാമലൈ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
text_fieldsചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടിയിൽനിന്നുള്ള രാജി സമർപ്പിച്ചതായാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.
മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപ്പെടുത്താൻ അണ്ണാമലൈ നിതിൻ നബിനും സെക്രട്ടറി ബി.എൽ. സന്തോഷുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. കൂടാതെ ഇനി സ്വന്തം പാത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അണ്ണാമലൈ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
അതേസമയം, അണ്ണാമലൈക്ക് ദേശീയ പദവി നൽകി ബി.ജെ.പിയിൽ തന്നെ നിലനിർത്താൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നതായാണ് വിവരം. കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ അണ്ണാമലൈയോട് ഡൽഹി വിട്ട് പോകരുതെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു.
അണ്ണാമലൈയെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി, പകരം നൈനാർ നാഗേന്ദ്രന് ചുമതല നൽകിയതോടെ പാർട്ടിയുമായി അദ്ദേഹം അകന്നിരുന്നു. പിന്നീട് പൊതുവേദികളിൽ സജീവമാകുകയും ചെയ്തിരുന്നില്ല. കൂടാതെ നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് അണ്ണാമലൈ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു.
ബി.ജെ.പി വിടുന്നതോടെ അണ്ണാമലൈ പുതിയ പാർട്ടി രൂപവത്കരിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പിയിൽ ഇനി തനിക്ക് ഭാവിയില്ലെന്ന് അണ്ണാമലൈ കരുതുന്നതായും പാർട്ടി വിടാൻ ആഗ്രഹിക്കുന്നതായും അദ്ദേഹത്തിന്റെ അനുയായികൾ വ്യക്തമാക്കിയിരുന്നു. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ അണ്ണാമലൈയെ പിന്തുണച്ച് നിരവധി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2021 മുതൽ 2025 വരെ പാർട്ടിയുടെ തമിഴ്നാട് അധ്യക്ഷനായിരുന്നു. അതേസമയം ബി.ജെ.പി വിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ തിങ്കളാഴ്ച പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തിയിരുന്നു. ‘ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ടുദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കാം’ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

