‘വി ദ ലീഡേഴ്സ്’; കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു
text_fieldsചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പി വിട്ട മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ 'വി ദ ലീഡേഴ്സ്' (We the Leaders) എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി രൂപീകരിച്ച് സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി വിടുന്നതിന് മുന്നേ അണ്ണാമലൈ 'വി ദ ലീഡേഴ്സ്' എന്ന പേരിൽ ഒരു സാമൂഹിക സേവന സംഘടന ആരംഭിച്ചിരുന്നു. രാജി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അണ്ണാമലൈ തന്റെ പഴയ സാമൂഹിക സംഘടനയെ ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായുണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് അണ്ണാമലൈയുടെ നാടകീയമായ പടിയിറക്കം. മാസങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം പാർട്ടിയിലെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിഞ്ഞിരുന്നു. അണ്ണാമലൈ സമർപ്പിച്ച രാജി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവിൻ വെള്ളിയാഴ്ച ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് നാല് വർഷം നീണ്ട ബി.ജെ.പി ബന്ധത്തിന് അവസാനമായത്.
തന്റെ പുതിയ രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് അണ്ണാമലൈ തന്റെ നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയൊരു മാറ്റം ലക്ഷ്യമിട്ടാണ് താൻ പൊതുരംഗത്തേക്ക് വന്നതെന്നും, പുതിയ പ്രസ്ഥാനം ആ ലക്ഷ്യത്തിലേക്കുള്ള വേറിട്ടൊരു പാതയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി ബി.ജെ.പിയുമായി പല കാര്യങ്ങളിലും തനിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അണ്ണാമലൈ തുറന്നുപറഞ്ഞു. "തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ചേരുന്നതിന് പകരം ബി.ജെ.പി ഒറ്റക്ക് മത്സരിക്കണമെന്നതായിരുന്നു എന്റെ ശക്തമായ നിലപാട്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ചിന്താഗതി മറ്റൊന്നായിരുന്നു. ഞാൻ കാരണം പാർട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ ആഗ്രഹിക്കാത്തതിനാലാണ് പടിയിറങ്ങുന്നത്.’’ അണ്ണാമലൈ പറഞ്ഞു.
2025 ഡിസംബറിൽ തന്നെ താൻ രാജി സന്നദ്ധത അറിയിച്ചിരുന്നതായും, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്നതുവരെ തുടരാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഇപ്പോഴും വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ഡി.എം.കെയെയും സംസ്ഥാനത്തെ കുടുംബ-വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തെയും അണ്ണാമലൈ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയം ഒരിക്കലും ഏതെങ്കിലും ഒരു കുടുംബത്തിന് ചുറ്റും കറങ്ങുന്നതാകരുത്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ കുടുംബ രാഷ്ട്രീയത്തിനോ വ്യക്തിപൂജക്കോ സ്ഥാനമില്ല. തമിഴ് ജനതയുടെ വികാരങ്ങളും പ്രതീക്ഷകളും പൂർണ്ണമായി ഉൾക്കൊള്ളാൻ ദേശീയ പാർട്ടികൾക്ക് പലപ്പോഴും കഴിയാറില്ലെന്നും, അതിനാലാണ് തമിഴ്‌നാടിന്റെ തനിമയിലൂന്നിയ പുതിയൊരു ബദൽ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ നീക്കത്തിന് സൂപ്പർ താരം രജനീകാന്ത് ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് പിന്തുണയും ക്ഷണവും ലഭിച്ചിരുന്നുവെന്നും, എന്നാൽ സ്വതന്ത്രമായ ഒരു വഴിയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അണ്ണാമലൈ അവകാശപ്പെട്ടു.
2019-ൽ കർണാടക കേഡറിലെ ഐ.പി.എസ് ജോലി രാജിവെച്ചാണ് അണ്ണാമലൈ പൊതുരംഗത്തേക്ക് വരുന്നത്. 2020ൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹത്തെ ചുരുങ്ങിയ കാലം കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു. 'വി ദ ലീഡേഴ്സ്' എന്ന പുതിയ പ്രസ്ഥാനത്തിലൂടെ തമിഴ്‌നാട്ടിലെ യുവാക്കളെ ഒപ്പം നിർത്തി മൂന്നാം ബദൽ ശക്തിയായി വളരാനാണ് ഇനി അണ്ണാമലൈയുടെ ശ്രമം. ഇത് വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

