ലോക്പാൽ: വീണ്ടും സമരമെന്ന് അണ്ണാ ഹസാരെ
text_fieldsമുംബൈ: ലോക്പാൽ നടപ്പാക്കാൻ ആവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും സമരത്തിന്. വീണ്ടും സമരത്തിന് ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി അണ്ണാ ഹസാരെ പറഞ്ഞു. അടുത്ത കത്തിൽ തീയതിയും മറ്റു വിവരങ്ങളും അറിയിക്കും. എല്ലാ സീമകളും ലംഘിച്ച് അഴിമതി പടരുകയാണെന്നും കണ്ടുനിൽക്കാൻ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും നരേന്ദ്ര മോദിയെങ്കിലും ലോക്പാൽ കൊണ്ടുവരുമെന്ന പ്രതീക്ഷ വെറുതെയായെന്നും അദ്ദേഹം പറഞ്ഞു.
40 തവണ കത്തെഴുതി ലോക്പാലും ലോകായുക്തയും നപ്പാക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിനാലാണ് മുമ്പ് നിരാഹാര സമരം നടത്തിയത്. അന്ന് തങ്ങൾ അധികാരത്തിൽ വന്നാലുടൻ നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. മൻമോഹൻ സിങ് 20 കത്തുകൾക്കെങ്കിലും മറുപടി നൽകിയിരുന്നെങ്കിൽ നരേന്ദ്ര മോദി ഒന്നിനുപോലും പ്രതികരിച്ചില്ല ^ഹസാരെ ആരോപിച്ചു. അധികാരങ്ങൾ നഷ്ടപ്പെടുമെന്ന ഭീതിമൂലണ് ലോക്പാൽ നടപ്പാക്കാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
