മുംബൈ: ലോക്പാൽ, ലോകായുക്ത നിയമനം വൈകിക്കുന്നതിനെതിരെ കേന്ദ്ര സർക്കാറിന് മുന്നറിയിപ്പുമായി വീണ്ടും അണ്ണാ ഹസാരെ. വാക്ക് പാലിച്ചില്ലെങ്കിൽ ജനുവരി 30ന് മഹാരാഷ്ട്രയിലെ റാലിഗൻ സിദ്ധിയിൽ നിരാഹാരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന് അയക്കുകയും ചെയ്തു.
കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമിക്കാത്തതിൽ ചൊടിച്ച് കഴിഞ്ഞ മാർച്ചിൽ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ നിരാഹാരം പ്രധാനമന്ത്രി കാര്യാലയത്തിെൻറ ഉറപ്പിനെ തുടർന്ന് ഹസാരെ അവസാനിപ്പിക്കുകയായിരുന്നു.
അന്ന് നൽകിയ ഉറപ്പ് പാലിക്കാതെ വന്നതോടെ ഒക്ടോബർ രണ്ടിന് വീണ്ടും നിരാഹാരത്തിന് തുടക്കമിടാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് മാറ്റിവെച്ചു. ജനുവരി 30 ന് അകം നിയമനം നടക്കുമെന്ന ഉറപ്പാണ് അന്ന് നൽകിയത്. എന്നാൽ, ലോക്പാൽ, ലോകായുക്ത നടപ്പാക്കാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തമായതായി ഹസാരെ പറഞ്ഞു.