യു.എസ് നാടുകടത്തിയ അൻമോൽ ബിഷ്ണോയി അറസ്റ്റിൽ
text_fieldsയു.എസ് നാടുകടത്തിയ അൻമോൽ ബിഷ്ണോയിയെ പട്യാല ഹൗസ് കോടതിയിലെത്തിച്ചപ്പോൾ
ന്യൂഡൽഹി: അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും അടുത്ത കൂട്ടാളിയുമായ അൻമോൽ ബിഷ്ണോയിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. ഇയാളെ അമേരിക്ക നാടുകടത്തി, ഡൽഹിയിൽ ഇറങ്ങിയ ഉടനെയാണ് നടപടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ 11 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.
എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊല, നടൻ സൽമാൻ ഖാന്റെ വസതിക്കുനേരെയുണ്ടായ വെടിവെപ്പ്, പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊല തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പൊലീസ് തേടുന്നയാളാണ് ഇയാൾ. ലോറൻസ് ബിഷ്ണോയ് ഇപ്പോൾ ജയിലിലാണ്. ഇവരുടെ കുറ്റകൃത്യ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 19-ാമത്തെയാളാണ് അൻമോൽ. യു.എസ് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഗുണ്ടാസംഘത്തലവൻ ഗോൾഡി ബ്രാറുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി 2024 ഒക്ടോബർ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുൻ മന്ത്രി കൂടിയായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ മകന്റെ ഓഫിസിനു മുന്നിൽ നിന്നു കാറിൽ കയറുന്നതിനിടെ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. പഞ്ചാബിലെ ഫാസിൽക്ക ജില്ല സ്വദേശിയായ അൻമോൽ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിൽനിന്നു വിദേശത്തേക്കു കടന്നത്. ദുബായ്, കെനിയ വഴി നേപ്പാൾ കടന്നാണ് ഒടുവിൽ യുഎസിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബറിൽ യു.എസിൽ വച്ച് ഇയാൾ കസ്റ്റഡിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

