യു.എസ് നാടുകടത്തിയ അൻമോൽ ബിഷ്ണോയ് എൻ.ഐ.എ കസ്റ്റഡിയിൽ; ബാബ സിദ്ദീഖി വധമുൾപ്പെടെ നിരവധി കേസുകളിലെ പ്രതി
text_fieldsന്യൂഡൽഹി: ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും പിടികിട്ടാപ്പുള്ളിയും കൊടുംകുറ്റവാളിയുമായ അൻമോൽ ബിഷ്ണോയി ഡൽഹിയിലെത്തി. യു.എസ് നാടുകടത്തിയതിന് പിന്നാലെയാണ് അൻമോൾ ബിഷ്‍ണോയി ഇന്ത്യയിലെത്തിയത്. എൻ.ഐ.എ അൻമോളെ പട്യാള ഹൗസ് കോടതിയിൽ ഹാജരാക്കി.
നവംബർ 18നാണ് അൻമോളെ യു.എസ് നാടുകടത്തിയത്. അൻമോളിന് എതിരായ നിരവധി ഉന്നതതല കേസുകളിൽ അന്വേഷണം നടത്തുന്ന അന്വേഷണ സംഘങ്ങളെ സംബന്ധിച്ച് നിർണായക നീക്കമായിരുന്നു അത്.
അൻമോൽ എൻ.ഐ.എക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ എ.എൻ.ഐ ആണ് എക്സിൽ പങ്കുവെച്ചത്. എൻ.ഐ.എ ഉദ്യോഗസ്ഥർക്കൊപ്പം അൻമോൽ പുറംതിരിച്ചുനിൽക്കുന്ന ചിത്രങ്ങളാണുള്ളത്.
ഇന്ത്യയിൽ ചുരുങ്ങിയത് 18 ക്രിമിനൽ കേസുകളാണ് അൻമോലിന് എതിരെയുള്ളത്. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദീഖിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതും 2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ വാലയെ കൊലപ്പെടുത്തിയതും സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിവെപ്പ് നടത്തിയതുമായ കേസുകൾ അതിൽപെടും.
അതേസമയം, അൻമോൽ ബിഷ്‍ണോയിയുടെ സുരക്ഷ കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്ന് ബന്ധുവായ രമേഷ് ബിഷ്‍ണോയി ആവശ്യപ്പെട്ടിരുന്നു.ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരനായത് കൊണ്ട് മാത്രമാണ് അൻമോലിനെ വേട്ടയാടുന്നതെന്നും രമേഷ് ആരോപിക്കുകയുണ്ടായി.
''നിയമം അതിന്റെ വഴിക്കു പോകും. ഞങ്ങളുടെ കുടുംബം നിയമത്തെ ബഹുമാനിക്കുന്നു. അതിനിയും തുടരും. നിയമം ലംഘിക്കാത്തവരാണ് ഞങ്ങൾ. എന്നാൽ ഇന്ത്യയിൽ അൻമോൽ ബിഷ്‍ണോയിയുടെ സുരക്ഷയാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രധാന ആശങ്ക. അൻമോളിന്റെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരനായതുകൊണ്ട് മാത്രമാണ് അൻമോലിനെ ഇങ്ങനെ വേട്ടയാടുന്നത്. അന്വേഷണത്തിനൊടുവിൽ സത്യം തെളിയും''-രമേഷ് ബിഷ്‍ണോയി പറഞ്ഞു.
പഞ്ചാബിലെ ഫാസിൽക സ്വദേശിയാണ് അൻമോൽ. 2021ലാണ് വ്യാജ പാസ്പോർട്ടിൽ ഇയാൾ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്. ആദ്യം നേപ്പാളിലേക്കും അവിടെ നിന്ന് ദുബൈ, കെനിയ എന്നീ രാജ്യങ്ങളിലെത്തിയ അൻമോൾ ഒടുവിൽ യു.എസിൽ അഭയം തേടുകയായിരുന്നു. 2023 ഏപ്രിലിലാണ് യു.എസിൽ ഏറ്റവും ഒടുവിൽ ഇയാളൊരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ഈ വർഷാദ്യമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിനു ശേഷം നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. അൻമോൾ ബിഷ്‍ണോയി സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു ബാബാ സീദ്ദീഖിയുടെ മകൻ സീഷാന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

