അങ്കിത ഭണ്ഡാരി കേസിലെ സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട സംഭവത്തിൽ മുഖ്യപ്രതിയുടെ പിതാവിനെതിരെ പരാതി
text_fieldsകൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി, പ്രതിയുടെ പിതാവ് വിനോദ് ആര്യ
ഡെറാഡൂൺ: അങ്കിത ഭണ്ഡാരി കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ പിതാവും മുൻ ബി.ജെ.പി നേതാവുമായ വിനോദ് ആര്യക്കെതിരെ പൊലീസിൽ പരാതി.അങ്കിതയുടേതെന്ന് അവകാശപ്പെടുന്ന 4,000ത്തിലേറെ പേജുകളുള്ള സ്വകാര്യ വാട്സ്ആപ്പ് ചാറ്റുകൾ വാർത്താസമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയതിനാണ് നടപടി. മരിച്ച പെൺക്കുട്ടിയുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിച്ചെന്നും കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് 'പഹാഡി മഹാസഭ'യാണ് ഹരിദ്വാർ നഗർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് അങ്കിതയും സുഹൃത്തും തമ്മിലുള്ളതെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങൾ വിനോദ് ആര്യ പുറത്തുവിട്ടത്. രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് തന്റെ മകൻ പുൽകിത് ആര്യയെ കേസിൽ കുടുക്കിയതെന്നും അങ്കിത കൊല്ലപ്പെട്ടതല്ല, ആത്മഹത്യ ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. മാതാപിതാക്കളിൽ നിന്നും സുഹൃത്തിൽ നിന്നുമുള്ള മാനസിക പീഡനമാണ് അങ്കിതയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു വിനോദ് ആര്യയുടെ വാദം.
ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ പഹാഡി മഹാസഭ പ്രവർത്തകർ വിനോദ് ആര്യക്കെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ടു. പുറത്തുവിട്ട സ്വകാര്യ ചാറ്റുകൾ വിനോദ് ആര്യക്ക് എവിടെനിന്ന് ലഭിച്ചുവെന്നും ഇതിന് പിന്നിലെ യതാർത്ഥ ഉദ്ദേശ്യം എന്താണെന്നും അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൂടാതെ അങ്കിതയുടെ കുടുംബത്തിന് പൂർണ്ണ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
2022 സെപ്റ്റംബർ 18-നാണ് ഋഷികേശിന് സമീപമുള്ള വന്താര റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19കാരി അങ്കിത ഭണ്ഡാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് ഉടമ പുൽകിത് ആര്യയും ജീവനക്കാരായ സൗരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവരും ചേർന്ന് അങ്കിതയെ കൊലപ്പെടുത്തിയെന്ന കേസിൽ 2025 മേയിൽ കോടതി മൂന്നുപേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ വി.ഐ.പി ബന്ധത്തെക്കുറിച്ച് തുടരന്വേഷണം വേണമെന്ന ആവശ്യം നിലനിൽക്കുന്നതിനിടെയാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട സംഭവം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

