അമ്മയെ മർദിക്കുന്നത് കണ്ട മകൻ ആർ.പി.എഫുകാരനായ പിതാവിനെ അടിച്ചുകൊന്നു
text_fieldsന്യൂഡൽഹി: റോളിങ് പിൻ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തിയ 17കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ (ആർ.പി.എഫ്) ജോലി ചെയ്തിരുന്ന പിതാവ് അമ്മയെ മർദിക്കുന്നത് കണ്ടതിനെ തുടർന്നാണ് പ്രായപൂർത്തിയാകാത്ത മകൻ പിതാവിനെ കൊലപ്പെടുത്തിയത്. റോളിങ് പിൻ ഉപയോഗിച്ച് 20 തവണ അടിച്ചാണ് കൃത്യം നടത്തിയത്.
അതേസമയം, പിതാവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.അച്ഛൻ മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ സ്ഥിരമായി മർദിക്കുന്നതിൽ കുട്ടിക്ക് അതിയായ ദേഷ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന ദിവസം രാത്രി 10 മണിയോടെ പിതാവ് വീട്ടിലെത്തി കുട്ടിയെ കാലുകൊണ്ട് തള്ളുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് കുട്ടി റോളിങ് പിൻ എടുത്ത് പലതവണ അടിക്കുകയായിരുന്നു.
'ആഗസ്റ്റ് 22ന് പഹർഗഞ്ച് നോർത്തേൺ റെയിൽവേ ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചതായി ആശുപത്രി അധികൃതരാണ് പൊലീസിനോട് പറഞ്ഞത്. മൃതദേഹത്തിൽ 19 മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചു. ശരീരത്തിൽ ഒന്നിലധികം ചതവുകളും വാരിയെല്ലുകൾ ഒടിഞ്ഞെന്നും റിപോർട്ടിലുണ്ട്. അടിയുടെ ആഘാതത്തിലുണ്ടായ മസ്തിഷ്ക ക്ഷതം, രക്തസ്രാവം എന്നിവ മൂലമാണ് മരണമെന്നും റിപോർട്ടിൽ പരാമർശമുണ്ട്'- നോർത്ത് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാഗർ സിങ് കൽസി പറഞ്ഞു.