യു.എസ് വിസ ലഭിച്ചില്ല; ആന്ധ്രപ്രദേശിൽ ഡോക്ടർ ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: യു.എസ് വിസ നിരസിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഫ്ലാറ്റിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ഗുണ്ടൂരിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈദ്യ പഠനത്തിനായി അപേക്ഷിച്ച യു.എസ് വിസ നിരസിച്ചതിനെ തുടർന്ന് യുവതി മാനസികമായി പ്രയാസത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച വീട്ടുജോലിക്കാരി വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കൂടാതെ വിസ നിരസിച്ചതിൽ താൻ മാനസിക പ്രയാസത്തിലായിരുന്നു എന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ പറയുന്നുമുണ്ട്.
കിർഗിസ്ഥാനിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ രോഹിണി യു.എസിൽ ഇന്റേണൽ മെഡിസിൻ പഠിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മകളോട് നാട്ടിൽ തന്നെ താമസിച്ച് പരിശീലിക്കാൻ താൻ ഉപദേശിച്ചിരുന്നു എന്നും അമ്മ ലക്ഷ്മി പറഞ്ഞു. പക്ഷേ മികച്ച ജോലി സാധ്യതയും ഉയർന്ന ശമ്പളവും ആഗ്രഹിച്ച രോഹിണി വിദേശത്തേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഡോക്ടറുടെ അമ്മ കൂട്ടിച്ചേർത്തു.
വിസക്ക് അപേക്ഷിച്ച ശേഷം അംഗീകാരത്തിനായി രോഹിണി ആഴ്ചകളോളം കാത്തിരുന്നു. എന്നാൽ മറുപടി ഒന്നും ലഭിക്കാതെ വന്നപ്പോൾ തന്നെ നിരാശയിലായിരുന്നു എന്നും പ്രതീക്ഷിച്ചിരുന്ന വിസ അപേക്ഷ നിരസിക്കപ്പെട്ടതോടെ രോഹിണി മാനസികമായി തകർന്നുപോയി എന്നും അമ്മ പറഞ്ഞു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

