ശ്രീകാകുളം ദുരന്തം: ക്ഷേത്രം നിർമിച്ചത് അനുമതിയില്ലാതെ, ഉടമക്കെതിരെ നരഹത്യക്ക് കേസ്
text_fieldsകാസിബുഗ്ഗ (ആന്ധ്രപ്രദേശ്): ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര ക്ഷേത്രത്തിൽ ഒമ്പതുപേർ മരിച്ച ദുരന്തത്തിൽ നരഹത്യക്ക് കേസെടുത്തു. ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെയാണ് ക്ഷേത്രം നിർമിച്ചതെന്നും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ അടുത്തിടെയാണ് ക്ഷേത്രം പണിതത്. മാത്രമല്ല, ക്ഷേത്രത്തിൽ തിക്കിലും തിരക്കിനും കാരണമായ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത് പൊലീസിനെ അറിയിച്ചിരുന്നില്ല. ആളുകളെ നിയന്ത്രിക്കാൻ ക്ഷേത്രം അധികൃതർ പൊലീസിനെ സമീപിച്ചിരുന്നില്ല. ദുരന്തത്തിൽ ആന്ധ്ര സർക്കാറിന്റെ പ്രത്യേക അന്വേഷണം ഇന്ന് ആരംഭിക്കും.
ശനിയാഴ്ച രാവിലെ 11.30 ഓടെയുണ്ടായ ദുരന്തത്തിൽ എട്ടു സ്ത്രീകളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ചയായതിനാൽ 2000ത്തോളം പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
സ്റ്റെപ്പിനരികിലുള്ള ഇരുമ്പുഗ്രിൽ വീണതോടെ ആളുകൾ പരിഭ്രാന്തരായി ചിതറുകയും ആറടി താഴ്ചയിലേക്ക് ഒന്നിനുപിറകെ ഒന്നായി വീഴുകയും ചെയ്തുവെന്നാണ് വിവരം. ഒന്നാം നിലയിലാണ് ക്ഷേത്രമെന്നും ഭക്തർ കയറുമ്പോൾ റെയിലിങ് തകർന്ന് അവർ ഒന്നിനുമുകളിൽ ഒന്നായി വീഴുകയായിരുന്നെന്നും ആന്ധ്രപ്രദേശ് ആഭ്യന്തര മന്ത്രി വങ്കലപുഡി അനിത പറഞ്ഞു.
അനുശോചിച്ച് പ്രമുഖർ
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത്ഷാ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതം അനുവദിക്കുന്നതായി മോദി വ്യക്തമാക്കി. പരിക്കേറ്റവർക്ക് 2,000 രൂപ വീതവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

