ഹൈദരാബാദ്: രാജ്യത്ത് കോവിഡ് സമൂഹ വ്യാപനം വൻ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ആന്ധ്രപ്രദേശിൽ നിന്ന് ആശങ്കയുളവാക്കുന്നൊരു കാഴ്ച പ്രചരിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ. യാത്രാബസ് ഒാരോ സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്ന പോലെ കോവിഡ് ലക്ഷണങ്ങളുള്ളവരെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ കൂട്ടമായി ആംബുലൻസിൽ കൊണ്ടുപോകുന്നതാണ് വിഡിയോയിലുള്ളത്.
ആന്ധ്ര മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി പ്രസിഡൻറുമായ ചന്ദ്രബാബു നായിഡുവാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ജഗമോഹൻ റെഡ്ഡി സർക്കാർ സാമൂഹിക അകലം പാലിക്കാതെയും സുരക്ഷ ക്രമീകരണങ്ങളില്ലാതെയും കോവിഡ് ലക്ഷണമുള്ളവരെ മാടുകളെ പോലെ കൈകാര്യം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘കോവിഡ് ബാധിതരെന്ന് സംശയിക്കുന്നവരെ മൃഗങ്ങളെ പോലെ 108 ആംബുലൻസിൽ കൂട്ടമായി കൊണ്ടുപോകുന്ന കാഴ്ച അതിവേഗം രോഗം പകരുമെന്ന ആശങ്കയുയർത്തുന്നു. എല്ലാ 108 ആംബുലൻസുകളുടെയും അവസ്ഥ ഇതാണെങ്കിൽ ജനങ്ങളുെട ജീവൻ രക്ഷിക്കുന്നതിൽ ആന്ധ്ര സർക്കാർ പരാജയപ്പെടുമെന്ന് ഞാൻ ഭയക്കുന്നു. ദൈവം ആന്ധ്രപ്രദേശിനെ രക്ഷിക്കെട്ട’- നായിഡു ട്വിറ്ററിൽ കുറിച്ചു.
കോവിഡ് ലക്ഷണങ്ങളുള്ള ഒരാൾ നിറയെ ആളുകൾ ഉള്ളതിനാൽ ആംബുലൻസിൽ കയറാൻ മടിക്കുന്നതും ആരോഗ്യ പ്രവർത്തകർ അനുനയിപ്പിച്ച് കയറ്റുന്നതുമാണ് വിഡിയോയിലുള്ളത്. കുർണൂൽ ജില്ലയിലെ തങ്കുത്തൂർ ഗ്രാമത്തിൽ നിന്നുള്ള വിഡിയോ ആണിത്. ആളുകൾ തിങ്ങിനിറഞ്ഞതിനാൽ ആംബുലൻസിെൻറ വാതിലടക്കാൻ പറ്റാത്തതുകൊണ്ട് ഗ്രാമീണൻ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.