ഭാര്യയുടെ സ്വഭാവശുദ്ധിയിൽ സംശയം; ഭർത്താവ് ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു
text_fieldsഅമരാവതി: ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ഭർത്താവ് ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ നന്നൂർ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. നന്നൂർ വില്ലേജിൽ രാഗമയൂരി ഹിൽസിലെ പാരഡൈസ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ജരപതി രംഗമുരളി എന്ന പ്രതിക്കെതിരെ നിരവധി വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
20കാരിയായ ഭാര്യ ബോഗ്ഗുല ദീനയെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത് ശാരീരികമായും മാനസികമായും ഭർത്താവ് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുർണൂൽ റൂറൽ സർക്കിൾ ഇൻസ്പെക്ടർ എം. ശ്രീനാഥ് റെഡ്ഡി പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇയാൾ ഭാര്യയെ കസേര ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ഇതിനിടയിൽ രോഷാകുലനായി ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയിൽ സ്റ്റീൽ ലോക്ക് കൊണ്ട് അടിക്കുകയായിരുന്നു.
രക്തം വാർന്നു കിടന്ന കുഞ്ഞിനെ ബോഗ്ഗുല ദീന ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, ഭാര്യയെ തടഞ്ഞു നിർത്തിയ ജരപതി ആശുപത്രിയിൽ പോയാൽ ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെ ഭർത്താവ് ഉറങ്ങിയപ്പോൾ ബോഗ്ഗുല ദീന കുഞ്ഞുമായി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചതായി പൊലീസ് പറഞ്ഞു.ഭാര്യയുടെ പരാതിയിൽ ജരപതിക്കെതിരെ കേസെടുത്തതായി കുർണൂൽ റൂറൽ പൊലീസ് അറിയിച്ചു.

