ആന്ധ്രയിൽ ടി.ഡി.പിക്ക് മൂന്നും ജെ.എസ്.പിക്ക് ഒന്നും, ബി.ജെ.പിക്ക് രാജ്യസഭ സീറ്റില്ല; അണ്ണാമലൈയുടെ ബി.ജെ.പി ഭാവിയിൽ അനിശ്ചിതത്വം
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിലെ ഒഴിവുള്ള നാല് രാജ്യസഭ സീറ്റുകളുടെ വിഭജനം എൻ.ഡി.എ സഖ്യം പൂർത്തിയാക്കിയതായി റിപ്പോർട്ട്. പുതിയ ധാരണപ്രകാരം മൂന്ന് സീറ്റുകൾ തെലുഗു ദേശം പാർട്ടിക്കും (ടി.ഡി.പി) ഒരു സീറ്റ് ജനസേന പാർട്ടിക്കുമാണ് ലഭിക്കുക. വൈ.എസ്.ആർ.സി.പിയുടെ മൂന്നും ടി.ഡി.പിയുടെ ഒരു എം.പിയുടെയും കാലാവധിയാണ് അവസാനിച്ചത്. സീറ്റ് വിഭജന ധാരണയിൽ ബി.ജെ.പിക്ക് സീറ്റ് ലഭിക്കാത്തത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു.
നേരത്തേ, ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു സൂചനകൾ. തമിഴ്നാട്ടിലെ പ്രമുഖ ബി.ജെ.പി നേതാവായ ഇടഞ്ഞുനിൽക്കുന്ന കെ. അണ്ണാമലൈയെ ആന്ധ്രപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് അയക്കാൻ ബി.ജെ.പി ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ സീറ്റ് വിഭജനത്തോടെ ആ സാധ്യത മങ്ങി. ഇതിനിടെ അണ്ണാമലൈ ബി.ജെ.പി വിടുമെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ബി.ജെ.പിയെ അണ്ണാമലൈയോ നൽകിയിട്ടില്ല.
രാജ്യസഭാ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജനസേന പാർട്ടി മേധാവി പവൻ കല്യാൺ, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയ എൻ.ഡി.എ നേതാക്കൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മൂന്ന് സീറ്റ് ടി.ഡി.പിക്കും ഒരു സീറ്റ് ജെ.എസ്.പിക്കും നൽകാൻ ധാരണയായത്. സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം തിരുപ്പതി, അമരാവതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ പൊതുയോഗം നടത്താനും എൻ.ഡി.എ തീരുമാനിച്ചു. നേരത്തേ, ബി.ജെ.പിക്കും ജെ.എസ്.പിക്കും ഓരോ സീറ്റ് വീതം നൽകുമെന്നും രണ്ട് സീറ്റ് ടി.ഡി.പിക്കും എന്നായിരുന്നു നേരത്തേയുള്ള ധാരണ.
അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സീറ്റ് വിഭജന ചർച്ചയിലെ പുതിയ മാറ്റം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി ജൂൺ രണ്ടിന് അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ, തമിഴ്നാട്ടിലെ രാഷ്രടീയ സാഹചര്യത്തെക്കുറിച്ച് അണ്ണാമലൈ നേതൃത്വത്തെ അറിയിച്ചുവെന്നും പാർട്ടിയിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിന്റെ കാരണങ്ങൾ വിശദീകരിച്ചുവെന്നുമാണ് റിപ്പോർട്ട്. ചർച്ചകൾക്കിടയിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെക്കാനുള്ള തീരുമാനം നേതാക്കളെ അറിയിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

