Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രപ്രദേശിൽ കോവിഡ്...

ആന്ധ്രപ്രദേശിൽ കോവിഡ് പടരുന്നു; രണ്ട് മരണം, എട്ട് കേസുകൾ, ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്

text_fields
bookmark_border
COVID 19 Andhra Pradesh
cancel

അമരാവതി: ആന്ധ്രപ്രദേശിൽ നാല് വർഷത്തിനുശേഷം വീണ്ടും കോവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വൈഎസ്ആർ കടപ്പ ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ശക്തമാക്കിയത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 52 വയസ്സുകാരനും 43 വയസ്സുകാരനുമാണ് മരിച്ചത്. ഇരുവരും ആശുപത്രികളിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കടപ്പയിലെ രാജപേട്ട് പ്രദേശത്തെ 52കാരന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ കഴിഞ്ഞദിവസം മരിച്ചു. സർക്കാർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കേയാണ് 43കാരൻ മരിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണങ്ങളാണിവ.

ഇതിന് പുറമെ ജില്ലയിൽ പുതുതായി നാല് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കടപ്പ മെഡിക്കൽ കോളജിലെ 25 വയസ്സുള്ള ഒരു മെഡിക്കൽ വിദ്യാർഥിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. വിദ്യാർഥി നിലവിൽ വീട്ടിൽ ഐസൊലേഷനിലാണ്.

മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജില്ലാതല നിരീക്ഷണം ശക്തമാക്കി. പനി, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ ഉടൻ പരിശോധനക്ക് വിധേയരാക്കാനും ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ഓക്സിജൻ സംവിധാനങ്ങളും സജ്ജമാക്കാനും നിർദേശം നൽകി. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. വൈറസ് വകഭേദം തിരിച്ചറിയുന്നതിനും അതിന്റെ വ്യാപന രീതി മനസ്സിലാക്കുന്നതിനുമായി ജീനോം സീക്വൻസിങ്ങിനായി സാമ്പ്ളുകൾ പുണെയിലെ ലബോറട്ടറിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ എട്ട് സജീവ കോവിഡ് കേസുകളാണുള്ളത്. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർക്ക് പ്രത്യേക ജാഗ്രതാ നിർദേശങ്ങളും നൽകി.

പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരും ഗർഭിണികളും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ചികിത്സ വൈകിക്കരുതെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും പനിയോ ചുമയോ മറ്റ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോ ഉണ്ടായാൽ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

കോവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി തുടർച്ചയായി അവലോകന യോഗങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗവ്യാപനം തടയാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra Pradeshcorona virusCovid 19Covid 19 death
News Summary - Andhra Pradesh On Alert After 2 COVID19 Deaths 8 Active Cases
Next Story