ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ മകനുണ്ടാകാത്തതിന്‍റെ പേരിൽ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് തറയിലടിച്ച് കൊന്നു. ഗുരുതര പരിക്കുകളോടെ അഞ്ചുവയസുകാരിയായ മൂത്തമകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ ഒമ്പതിന് ആന്ധ്രയിലെ വിസിനനഗരം ജില്ലയിലാണ് സംഭവം. രണ്ടുവയസുകാരി പ്രണവിയും അഞ്ചുവയസുകാരി സിരിയും വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. വീട്ടിലെത്തിയ പിതാവ് പ്രസാദ് ഭാര്യയുമായി വഴക്കടിച്ചു. മകൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. തുടർന്ന് ഭാര്യയോട് വിവാഹമോചനവും ആവശ്യപ്പെട്ടിരുന്നു.
ഭാര്യയുമായി വഴക്കിട്ട ശേഷം മക്കളുടെ നേർക്ക് തിരിയുകയായിരുന്നു. ഉറങ്ങികിടന്ന പ്രണവിയെ വലിച്ചിഴച്ചശേഷം കാലിൽ പിടിച്ച് തല സിമന്‍റ് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. കുട്ടി അപ്പോൾ തന്നെ മരിച്ചു. തുടർന്ന് സിരിയുടെ തലയും നിലത്തേക്ക് അടിച്ചു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു. ഭാര്യക്ക് ഗുരുതര പരിക്കുകളില്ല.
രണ്ടാമതും പെൺകുഞ്ഞ് പിറന്നതോടെ ഇയാൾ അസ്വസ്ഥതയിലായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ വിവാഹ മോചനത്തിന് നിർബന്ധിച്ചിരുന്നു. ഒരാഴ്ചമുമ്പ് ദമ്പതികൾ തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ ഇടപ്പെട്ടിരുന്നു. തുടർന്ന് ഭാര്യയും മക്കളും യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം.
സംഭവത്തിൽ സലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.