മകളുടെ കാമുകനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു; പ്രതി പിടിയിൽ
text_fieldsചിറ്റൂർ: മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മരിച്ചയാളുടെ മൃതദേഹത്തിെൻറ ഭാഗങ്ങൾ കണ്ടെത്തിയ പൊലീസ് വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു.
ചിറ്റൂർ ജില്ലയിലെ പലമനീറിലുള്ള പെൻഗരഗുണ്ട ഗ്രാമത്തിലാണ് സംഭവം. പ്രതിയുടെ മകളുമായി മരിച്ചയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'24കാരനായ ധനശേഖറിനെ മേയ് 22 മുതൽ കാണാനില്ലായിരുന്നു. മാതാപിതാക്കൾ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് അവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്'-പലമനീർ സബ് ഡിവിഷനൽ പൊലീസ് ഒഫീസർ സി.എം. ഗംഗയ്യ പറഞ്ഞു.
'കേസ് അന്വേഷണത്തിെൻറ ഭാഗമായി ഞങ്ങൾ ധനശേഖറിെൻറ അവസാനത്തെ ഫോൺകോളുകളുടെ വിവരങ്ങൾ ശേഖരിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഗ്രാമത്തിലുള്ള ബാബുവിെൻറ വീട്ടിലെത്തിയത്. പൊലീസിെൻറ ചോദ്യം ചെയ്യലിൽ അയാൾ ധനശേഖറിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു' -ഗംഗയ്യ കൂട്ടിച്ചേർത്തു.
മേയ് 22ന് സ്വന്തം കൃഷിയിടത്തിൽ താമസിക്കാനായി പോയതായിരുന്നു ബാബു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് തിരിച്ച് പോരേണ്ടി വന്നു. മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് ചെന്നപ്പോൾ ധനശേഖർ അവിടെയുണ്ടായിരുന്നു. ദേഷ്യത്തിൽ ബാബു ധനശേഖറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് മരിച്ച ധനശേഖറിെൻറ മൃതദേഹം ബാബു തെൻറ പാടശേഖരത്തിലുള്ള കിണറ്റിൽ തള്ളി. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം പൊന്തി വന്നു. ശേഷം മൃതദേഹം കിണറ്റിൽ നിന്നെടുത്ത് കഷണങ്ങളാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നു.
ബാബുവിെൻറ കുറ്റസമ്മത ശേഷം പൊലീസ് മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇവ ബന്ധുക്കൾക്ക് കൈമാറി.

