സ്‌കൂളിൽ മദ്യപിച്ച് നൃത്തം ചെയ്ത അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി
text_fieldsഎട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സ്കൂൾ വളപ്പിൽ മദ്യപിച്ച് അഴിഞ്ഞാടിയതിനെതിരെ നടപടിയെടുത്ത് ആന്ധ്ര സർക്കാർ. അഞ്ച് വിദ്യാർത്ഥികളാണ് ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. ഈ വാരം ആദ്യം കുർണൂലിലെ ആത്മക്കൂറിലാണ് സംഭവം നടന്നത്. എന്നാൽ ഡിസംബർ നാലിനാണ് വിവരം പുറംലോകം അറിഞ്ഞത്.
വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളിൽ ഒരാളുടെ മദ്യപാനിയായ പിതാവ് തനിക്കും സുഹൃത്തുക്കൾക്കും മദ്യം വാങ്ങാനുള്ള പണം നൽകുകയായിരുന്നെന്ന് ഒരു വിദ്യാർഥി സമ്മതിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. സ്‌കൂൾ പരിസരത്ത് സഹപാഠികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മദ്യം കഴിച്ച ശേഷം ആൺകുട്ടികൾ ക്ലാസ് മുറിയിൽ നൃത്തം ചെയ്തത്.
ഉടൻ തന്നെ വിഷയം സ്‌കൂൾ അധികൃതരെ അറിയിക്കുകയും അവർ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോൾ രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സംഭവം അറിയിച്ചു. നാല് പേർ എട്ടാം ക്ലാസിലും അഞ്ചാമത്തെ വിദ്യാർത്ഥി ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. ഉച്ചഭക്ഷണത്തിനിടെ ഇവർ മദ്യപിച്ചിരുന്നതായി സഹപാഠികൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം. ഇവരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റം മറ്റ് കുട്ടികളെയും നശിപ്പിക്കുന്നതിനാൽ ഹെഡ്മാസ്റ്റർ സക്രു നായിക് അവരുടെ മാതാപിതാക്കൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുകയും അവരെ മറ്റേതെങ്കിലും സ്കൂളിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് ടി.സി നൽകിയതെന്ന് സക്രു നായിക് പറഞ്ഞു.
അച്ചടക്ക നടപടി അതിരുകടന്നതും സ്വീകാര്യവുമല്ലെന്ന് കുട്ടികളുടെ അവകാശ സംഘടനയായ ദിവ്യ ദിശ ചൈൽഡ്‌ലൈൻ ഡയറക്ടർ ഇസിദോർ ഫിലിപ്‌സ് പറഞ്ഞു. "വിദ്യാർത്ഥികളെ പുറത്താക്കി സ്‌കൂളിന് കൈ കഴുകാനാകില്ല. സ്‌കൂളിനുള്ളിൽ ചില തിരുത്തൽ നടപടികൾ ഉണ്ടാകണം. രജിസ്റ്റർ ചെയ്ത ഓരോ വിദ്യാർത്ഥിയെയും നിരീക്ഷിക്കേണ്ടത് സ്കൂളിന്‍റെ ഉത്തരവാദിത്തമാണ്" -അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ പുറത്താക്കുന്നതിന് പകരം, മോശം പെരുമാറ്റം തടയാൻ സ്കൂളുകൾ കൗൺസിലിംഗും മാനസികാരോഗ്യ പിന്തുണയും സ്വീകരിക്കണം, "അദ്ദേഹം കൂട്ടിച്ചേർത്തു.