ജങ്ഷന് ടിപ്പുവിന്റെയും ഹനുമാന്റെയും പേരിടണം; ആന്ധ്രാപ്രദേശിൽ സംഘർഷം
text_fieldsഅമരാവതി: ആന്ധ്രാപ്രദേശിലെ കഡപ്പയിൽ ജങ്ഷന് പേരിടുന്നതിനെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. അൽമാസ് പേട്ട് ജങ്ഷനിൽ ശനിയാഴ്ചയുണ്ടായ കല്ലേറിനെയും പ്രതിഷേധത്തെയും തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജങ്ഷന് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് ഒരു വിഭാഗവും ഹനുമാന്റെ പേര് നൽകണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. പ്രതിഷേധം അക്രമാസക്തമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് നേരിയ തോതിൽ ബലം പ്രയോഗിച്ചു. കഴിഞ്ഞ 12 വർഷമായി ഈ വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കഡപ്പ ജില്ല കലക്ടർ ശ്രീധർ ചെറുകൂരിയും എസ്.പി ഷെൽക്കെ നചികേത് വിശ്വനാഥും സംയുക്ത വാർത്താസമ്മേളനം നടത്തി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. സംഘർഷവുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

