ആൻഡമാൻ ദ്വീപിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി: ഊർജ സുരക്ഷയിൽ മാറ്റം വരുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
text_fieldsന്യൂഡൽഹി: ആൻഡമാൻ ദ്വീപിന് സമീപത്തെ സമുദ്രതീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. സമൂഹമാധ്യമമായ എക്സ് വഴി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയാണ് വിവരം പുറത്തുവിട്ടത്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 15 കിലോമീറ്റർ അകലെയുള്ള 'ശ്രീ വിജയപുരം-3' എന്ന പര്യവേക്ഷണ കിണറിലാണ് വാതക ശേഖരം കണ്ടെത്തിയത്. ഇവിടെ സമുദ്രത്തിന് 355 മീറ്ററാണ് ആഴം. സമുദ്രനിരപ്പിന് താഴെ 1,900 മീറ്ററിലധികം ആഴത്തിൽ ഡ്രില്ലിങ് നടത്തിയപ്പോഴാണ് വാതക സാന്നിധ്യം കണ്ടെത്തിയത്.
2025ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ച സമുദ്ര മന്തൻ മിഷന്റെ ഭാഗമായാണ് പര്യവേക്ഷണം നടന്നത്. രാജ്യത്തെ ആഴക്കടൽ എണ്ണ-വാതക നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ആൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണങ്ങളിൽ കുഴിച്ച മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ വാതകത്തിന്റെ ഗുണനിലവാരം, ഘടന, കലോറി മൂല്യം എന്നിവ പരിശോധിക്കുന്നതിന് സാമ്പിളുകൾ ശേഖരിക്കുകയാണ്. ആഗോളതലത്തിൽ ആഴക്കടൽ പര്യവേക്ഷണ വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. പ്രകൃതിവാതക ശേഖരം കണ്ടെത്തിയത് ഇന്ത്യയുടെ ഊർജ സുരക്ഷയിൽ വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പ്രത്യാശ പ്രകടിപ്പിച്ചു.
സമുദ്ര മന്തൻ മിഷന്റെ ഭാഗമായി കൂടുതൽ ആഴക്കടൽ പര്യവേക്ഷണങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പര്യവേക്ഷണം നടക്കുന്നുണ്ട്. ഊർജാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതിവാതക-പെട്രോളിയം പര്യവേക്ഷണങ്ങൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

