അനന്തനാഗിലെ ഭീകരരെ അഞ്ചാംദിവസവും തുരത്താനായില്ല
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ അനന്തനാഗ് ജില്ലയിൽ മൂന്ന് ഉന്നത സുരക്ഷസേനാംഗങ്ങളെ കൊലപ്പെടുത്തി ഒളിച്ച ഭീകരരെ അഞ്ചാംദിവസവും തുരത്താനായില്ല. ഗഡോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ നാലു വശത്തുനിന്നുമായി സുരക്ഷാസേന വളഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ കൃത്യസ്ഥലം കണ്ടെത്താനായിട്ടില്ല.
ചെങ്കുത്തായ ഭൂപ്രകൃതിയും വനമേഖലയുടെ പ്രത്യേകതയും കാരണം ഇവർക്കരികിലെത്താൻ സേനക്ക് കഴിയുന്നില്ല. ഒളിയിടമെന്ന് സംശയിക്കുന്ന ഇടങ്ങളിൽ ഡ്രോണിലൂടെ ഗ്രനേഡുകൾ നിക്ഷേപിച്ച് സ്ഫോടനം നടത്തുകയും നിരവധി മോർട്ടാർ ഷെല്ലുകൾ അയക്കുകയും ചെയ്തു. ഭീകരർ ജനവാസകേന്ദ്രങ്ങളിലേക്ക് ഒളിയിടം മാറ്റാനിടയുള്ളതിനാൽ സമീപ ഗ്രാമങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ പേരാണ് ഒളിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
കരസേന മേജറും കേണലും ഭടനും ഒപ്പം ജമ്മു-കശ്മീർ പൊലീസിലെ ഡിവൈ.എസ്.പിയുമാണ് ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. അന്നു മുതൽ ആരംഭിച്ച തിരച്ചിലാണ് ഞായറാഴ്ചയും തുടരുന്നത്. വനമേഖലയിൽ ഗുഹപോലുള്ള നിരവധി ഇടങ്ങളുണ്ടെന്നും കൃത്യമായ ഒളിയിടം കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച സുരക്ഷസേന തൊടുത്ത മോർട്ടാർ ആക്രമണത്തിൽ ഭീകരരിലൊരാൾ സുരക്ഷിത സ്ഥാനം തേടി ഓടുന്ന ദൃശ്യങ്ങൾ ഡ്രോൺ പകർത്തിയിരുന്നു.
ശനിയാഴ്ച മേഖല സന്ദർശിച്ച വടക്കൻ കമാൻഡർ ലഫ്. ജനറൽ ദ്വിവേദിയോട് സേനാംഗങ്ങൾ നടപടി വിശദീകരിച്ചു.
കരസേന ക്യാമ്പിൽ അബദ്ധത്തിൽ വെടി; സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു-കശ്മീർ ബന്ദിപ്പോരയിലെ കരസേന ക്യാമ്പിൽ അബദ്ധത്തിൽ വെടിപൊട്ടി സൈനികൻ മരിച്ചതായി പൊലീസ്. ഒരാൾക്ക് പരിക്കേെറ്റന്നും ബന്ദിപ്പോര പൊലീസ് ‘എക്സി’ൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറഞ്ഞു. സംഭവത്തിൽ ആരോപണവിധേയനായ സൈനികനെ പിടികൂടിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.