ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെ കാണാതായ കോൺഗ്രസ് എം.എൽ.എ ആനന്ദ്സിങ് എവിടെ? തങ്ങളുടെ 78ൽ 77 എം.എൽ.എമാരെയും റിസോട്ടിൽ ഭദ്രമാക്കിയ കോൺഗ്രസിന് ഇതുവരെ ഫോണിൽപോലും ബന്ധപ്പെടാൻ കഴിയാതിരുന്നത് ബെള്ളാരി ഹോസ്പേട്ട് വിജയനഗർ മണ്ഡലത്തിലെ എം.എൽ.എ ആനന്ദ് സിങ്ങിനെ മാത്രം. ആദായനികുതി വകുപ്പ് റെയ്ഡിെൻറ ഭീഷണിയുയർത്തി കേന്ദ്രം ആനന്ദ് സിങ്ങിനെ ബി.ജെ.പി ക്യാമ്പിലേക്ക് അടുപ്പിച്ചുവെന്നാണ് വിവരം.
വോെട്ടടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്ന ബദാമിയിൽ ആനന്ദ് സിങ്ങിെൻറ ഉടമസ്ഥതയിലുള്ള കൃഷ്ണ ഹെറിറ്റേജ് റിസോട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 11 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം തുടർ റെയ്ഡുകൾ ആസൂത്രണം ചെയ്യുമെന്ന ഭീഷണിയാണ് ആനന്ദ് സിങ്ങിന് നേരെ ബി.ജെ.പി കേന്ദ്രനേതൃത്വം പ്രയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം.
യെദിയൂരപ്പ സർക്കാറിൽ മന്ത്രിയും രണ്ടുവട്ടം ബി.ജെ.പി എം.എൽ.എയുമായിരുന്ന ആനന്ദ് സിങ് കഴിഞ്ഞ ജനുവരിയിലാണ് കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പി നേതാക്കളുടെ ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഖനി അഴിമതി വീരൻ ഗാലി ജനാർദന റെഡ്ഡിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആനന്ദ് സിങ്ങിനെതിരെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നിലവിൽ 16 കേസുകളുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാന ഘട്ടങ്ങളിൽ മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, കെ.ജെ. ജോർജ്, എം.എൽ.എമാരായ എം.ടി.ബി. നാഗരാജ്, ബി. ശിവണ്ണ, ഷാമന്നൂർ ശിവശങ്കരപ്പ, എസ്.എസ്. മല്ലികാർജുന, സിർസിയിലെ കോൺഗ്രസ് സ്ഥാനാർഥി ഭീമണ്ണ നായിക്ക് തുടങ്ങിയവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. ആദായനികുതി വകുപ്പ് കോൺഗ്രസ് സ്ഥാനാർഥികളെമാത്രം ലക്ഷ്യം വെക്കുന്നെന്ന വിമർശനത്തെ പ്രതിരോധിക്കാൻ ബി.ജെ.പി മുൻ എം.എൽ.എ വീരുപക്ഷപ്പയുടെ വീട്ടിലും പേരിന് റെയ്ഡ് നടത്തി.
കഴിഞ്ഞവർഷം ജൂലൈയിൽ ഗുജറാത്തിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽനിന്ന് രക്ഷിക്കാൻ കോൺഗ്രസ് എം.എൽ.എമാരെ ബിഡദിയിലെ റിസോട്ടിൽ താമസിപ്പിച്ചപ്പോഴും അതിന് നേതൃത്വം നൽകിയ മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പിെൻറ റെയ്ഡ് കൊണ്ടാണ് ബി.ജെ.പി മറുപടി നൽകിയത്. വെറും 104 എം.എൽ.എമാരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി കേവല ഭൂരിപക്ഷം തികക്കാൻ പാടുപെടുേമ്പാൾ കേന്ദ്ര സർക്കാറിെൻറ സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കോൺഗ്രസ്, ജെ.ഡി-എസ് എം.എൽ.എമാരെ മറുകണ്ടം ചാടിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് വിവിധ കേന്ദ്രങ്ങളിൽനിന്നുയരുന്ന ആരോപണം.