കോൺഗ്രസ് വിദേശകാര്യ വിഭാഗം ചെയർമാൻ ആനന്ദ് ശർമ രാജിവെച്ചു
text_fieldsആനന്ദ് ശർമ
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ആനന്ദ് ശർമ കോൺഗ്രസിന്‍റെ വിദേശകാര്യ വിഭാഗം ചെയർമാൻ സ്ഥാനത്തുനിന്നും രാജിവച്ചു. എ.ഐ.സി.സി പ്രവർത്തക സമിതി അംഗമായി അദ്ദേഹം തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. വിദേശകാര്യ വിഭാഗം കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പുതുമുഖങ്ങളെ കൊണ്ടുവരാനുമാണ് രാജിയെന്നാണ് ആനന്ദ് ശർമയുടെ വിശദീകരണം. യുവ നേതാക്കളെ ഉൾപ്പെടുത്തി വിദേശകാര്യ വിഭാഗം പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാല് പതിറ്റാണ്ടായി അന്താരാഷ്ട്ര കാര്യങ്ങളിൽ കോൺഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു ആനന്ദ് ശർമ. നിലവിൽ പ്രതാപ് സിങ് ഭജ്വ, പല്ലം രാജു, ദീപേന്ദർ ഹൂഡ, സജീവ് ജോസഫ്, രാഗിണി നായക്. സഞ്ചയ് ചന്ദോക് എന്നിവരാണ് വിദേശകാര്യ സമിതിയിലെ അംഗങ്ങൾ. ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി കോൺഗ്രസിന്‍റെ ബന്ധം കെട്ടിപ്പടുക്കുന്നതിൽ വകുപ്പ് സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആനന്ദ് ശർമ രാജിക്കത്തിൽ പറയുന്നു. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന പാർട്ടികളുമായി കോൺഗ്രസിന് ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പി.എ സർക്കാരിൽ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു ആനന്ദ് ശർമ്മ. വാണിജ്യം, വ്യവസായം, ടെക്സ്റ്റൈൽസ് എന്നിവയുടെ ചുമതല വഹിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിന്‍റെ വിവിധ അന്താരാഷ്ട്ര കോൺഫറൻസുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

