മുസ്ലിം വിരുദ്ധ അക്രമങ്ങൾ തുറന്നുകാട്ടിയ ആനന്ദ് പട്‌വർധന്‍റെ 'ഫാദർ, സൺ ആൻഡ് ഹോളി വാർ' ഡോക്യുമെന്‍ററി യൂട്യൂബ് നീക്കി
text_fieldsമുംബൈ: ബാബ്‌റി മസ്ജിദ് ധ്വംസനത്തെയും തുടർന്നുണ്ടായ മുംബൈ കലാപത്തെയും പശ്ചാത്തലമാക്കി ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത പ്രശസ്ത ഡോക്യുമെന്ററി 'ഫാദർ, സൺ ആൻഡ് ഹോളി വാർ' യൂട്യൂബ് നീക്കം ചെയ്തു.
ചിത്രത്തിൽ അക്രമാസക്തമായ ഉള്ളടക്കം ഉണ്ട് എന്ന് ആരോപിച്ചാണ് പ്ലാറ്റ്‌ഫോമിന്റെ നടപടി. 1995ൽ പുറത്തിറങ്ങിയ ഈ ദേശീയ അവാർഡ് ചിത്രം പട്‌വർധന്‍റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽനിന്നാണ് നീക്കിയത്. ഇന്ത്യയിലെ പുരുഷാധിപത്യം, ഹിന്ദുത്വ തീവ്രവാദം, മുസ്ലിംവിരുദ്ധ അക്രമങ്ങൾ എന്നിവ തമ്മിലുള്ള അന്തർധാരകളെ സൂക്ഷ്മമായി പരിശോധിക്കുന്ന ഡോക്യുമെന്ററിയാണിത്. യൂട്യൂബിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ആനന്ദ് പട്‌വർധൻ രംഗത്തെത്തി. "യൂട്യൂബിന്റെ സെൻസർഷിപ്പ് വീണ്ടും! സെൻസർ ബോർഡിന്റെ യു/എ (U/A) സർട്ടിഫിക്കറ്റും രണ്ട് ദേശീയ പുരസ്കാരങ്ങളും നേടിയ ചിത്രമാണിത്. പൊതുതാൽപര്യം മുൻനിർത്തി പ്രൈം ടൈമിൽ ഈ ചിത്രം സംപ്രേഷണം ചെയ്യാൻ ദൂരദർശനോട് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടിട്ടുള്ളതുമാണ്. എന്നിട്ടും 30 വർഷങ്ങൾക്ക് ശേഷം, ഈ ചിത്രം അത്യധികം 'അക്രമാസക്ത'മാണെന്ന് യൂട്യൂബ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു!'' - അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ ചിത്രം അക്രമത്തെ മഹത്വവത്കരിക്കുകയല്ല, മറിച്ച് അതിന്റെ ദാരുണമായ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിന് വേണ്ടി മത്സരിക്കുന്ന രാഷ്ട്രീയക്കാരും മതഭ്രാന്തന്മാരും അഴിച്ചുവിട്ട അക്രമങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. ഇത് അക്രമത്തിനുള്ള പിന്തുണയല്ല, അതിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പട്‌വർധന്‍റെ ഔദ്യോഗിക ചാനലിൽനിന്ന് നീക്കം ചെയ്തെങ്കിലും, മറ്റ് ചില വ്യക്തിഗത ചാനലുകളിൽ ഈ ചിത്രം ഇപ്പോഴും ലഭ്യമാണ്. ഏഴു വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിൽ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ചിത്രം 1995ലെ മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കും സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു. 1996ലെ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര ജൂറി പുരസ്കാരവും ഈ ചിത്രം സ്വന്തമാക്കി.
ഡോക്യുമെന്ററിക്ക് നേരെ നേരത്തെയും സെൻസർഷിപ്പ് നീക്കങ്ങൾ ഉണ്ടായിരുന്നു. 2001ൽ ചിത്രം സംപ്രേഷണം ചെയ്യാനുള്ള ദൂരദർശന്റെ വിസമ്മതത്തെ പട്‌വർധൻ ബോംബെ ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി പൊതുതാത്പര്യം മുൻനിർത്തി ചിത്രം സംപ്രേഷണം ചെയ്യാൻ ദൂരദർശന് നിർദേശം നൽകുകയായിരുന്നു.
ആനന്ദ് പട്‌വർധന്‍റെ ചിത്രങ്ങൾക്ക് നേരെ യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഇതാദ്യമല്ല. 1992ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത ഡോക്യുമെന്ററി 'റാം കേ നാം' എന്ന ചിത്രത്തിന് 2019ൽ യൂട്യൂബ് പ്രായനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അയോധ്യയിൽ ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ വിശ്വഹിന്ദു പരിഷത്ത് നടത്തിയ കാമ്പയിനുകളും അതുണ്ടാക്കിയ വർഗീയ അക്രമങ്ങളുമാണ് 'റാം കേ നാം' ചർച്ച ചെയ്തത്. സെൻസർ ബോർഡിന്റെ 'U' സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും 18 വയസ്സിന് താഴെയുള്ളവർക്ക് ചിത്രം യൂട്യൂബ് വിലക്കി. അന്ന് ഹിന്ദുത്വ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് യൂട്യൂബ് വഴങ്ങുകയാണെന്ന് പട്‌വർധൻ കുറ്റപ്പെടുത്തിയിരുന്നു.
പട്‌വർധന്‍റെ ചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് നേരെ രാജ്യത്ത് വലിയ രീതിയിലുള്ള ഹിന്ദുത്വ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ജനുവരിയിൽ കോട്ടയം ജില്ലയിലെ കെ.ആർ. നാരായണൻ നാഷനൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 'റാം കേ നാം' പരസ്യമായി പ്രദർശിപ്പിച്ചത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയിരുന്നു. ഹൈദരാബാദിലെ നെറെഡ്‌മെറ്റിൽ 'റാം കേ നാം' പ്രദർശിപ്പിച്ചതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

