ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച യാത്രക്കാരി അപകടത്തിൽപ്പെട്ടു; രക്ഷകയായി വനിത കോൺസ്റ്റബിൾ -വിഡിയോ
text_fields1. വനിത കോൺസ്റ്റബിൾ കെ. സനിത 2. യാത്രക്കാരിയെ രക്ഷിക്കുന്നതിന്‍റെ വിഡിയോ
ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യാത്രക്കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി വനിത കോൺസ്റ്റബിൾ. റെയിൽവേ സുരക്ഷാസേനയിലെ (ആർ.പി.എഫ്) വനിത കോൺസ്റ്റബിൾ കെ. സനിതയാണ് സമയോചിത നീക്കത്തിലൂടെ യാത്രക്കാരിയായ സരസ്വതിയുടെ ജീവൻ രക്ഷിച്ചത്. ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീഴേണ്ടതായിരുന്നു യാത്രക്കാരി. അപകടത്തെ ധീരതയോടെയും സമചിത്തതയോടെയും നേരിട്ട കോൺസ്റ്റബിളിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തെലുങ്കാനയിലെ ബേഗംപേട്ട് റെയിൽവേ സ്‌റ്റേഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. യാത്രക്കാരെ കയറ്റി മുന്നോട്ടു നീങ്ങുകയായിരുന്ന ലിംഗംപള്ളി-ഫലക്നുമ എക്സ്പ്രസ് ട്രെയിനിൽ കയറാനാണ് യുവതി ശ്രമിച്ചത്. വേഗത വർധിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്ന യുവതിയെ പ്ലാറ്റ്ഫോമിലൂടെ നടന്നു വരികയായിരുന്ന സനിതയുടെ ശ്രദ്ധയിൽപ്പെട്ടു. കൈയിൽ ബലത്തിൽ പിടിച്ച കോൺസ്റ്റബിൾ യുവതിയെ ട്രെയിനിന്‍റെ സമീപത്ത് നിന്ന് വലിച്ചു മാറ്റുകയായിരുന്നു.
സമയോചിത ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച കോൺസ്റ്റബിൾ സനിതയുടെ ധൈര്യത്തെയും ജാഗ്രതയെയും സൗത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ അരുൺ കുമാർ ജെയിൻ അഭിനന്ദിച്ചു. ഇത്തരം നടപടി റെയിൽവേ സംരക്ഷണ സേനയുടെ മനോവീര്യം വർധിപ്പിക്കുമെന്നും മറ്റ് റെയിൽവേ ജീവനക്കാരെ സമാന ശ്രമങ്ങൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും ജനറൽ മാനേജർ ചൂണ്ടിക്കാട്ടി.
തെലുങ്കാനയിലെ നൽഗോണ്ട ജില്ലയിലെ തിരുമൽഗിരി ഗ്രാമവാസിയാണ് ആർ.പി.എഫ് കോൺസ്റ്റബിളായ കെ. സനിത. 2020ൽ റെയിൽവേ സംരക്ഷണ സേനയിലെ ചേർന്ന സനിതയെ ബേഗംപേട്ട് റെയിൽവേ സ്‌റ്റേഷനിലാണ് നിയമിച്ചത്. ആർ.പി.എഫ് ഉദ്യോഗസ്ഥർ ഈ വർഷം സ്വന്തം ജീവൻ പണയപ്പെടുത്തി രണ്ട് യാത്രക്കാരുടെ ജീവൻ രക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

