ഒഡീഷ ട്രെയിൻ ദുരന്തം: മരണസംഖ്യ ഉയരുന്നു, 350ലേറെ പേർക്ക് ഗുരുതര പരിക്ക്
text_fieldsബാലസോർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. 350ലേറെ പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ 50 യാത്രക്കാർ മരിച്ചതായി ഹിന്ദുസ്ഥാൻ ടൈസ് റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത പ്രതിരോധ സേനയുടെയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വൈകീട്ട് 7.20ന് ബാലസോറിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരിക്കേറ്റവരെ സോറോ, ഗോപാൽപുർ എന്നിവിടങ്ങളിലെ സമൂഹികാരോഗ്യ കേന്ദ്രത്തിലും ഖന്തപദ പ്രൈമറി ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഷാലിമാറിൽ നിന്നും തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന കൊറോമണ്ടേൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. കൊറോമണ്ടേൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റി. മറിഞ്ഞ ബോഗിക്കുള്ളിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സൗത്ത് ഈസ്റ്റേൺ റെയിൽവേ ഹെൽപ് നമ്പർ സൗകര്യം ഏർപ്പെടുത്തി:
- ബംഗാൾ ഹെൽപ് നമ്പർ: 033- 22143526/ 22535185
- ഹൗറ: 033-26382217
- ഖരഗ്പൂർ: 8972073925 & 9332392339
- ബാലസോർ: 8249591559 & 7978418322
- ഷാലിമർ: 9903370746
- താൽകാലിക ഹെൽപ് നമ്പർ: 044- 2535 4771