കുടകിലെ ദുബാരെ ക്യാമ്പിൽ ആനകളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ‘മാർത്താണ്ഡ’ ചരിഞ്ഞു
text_fieldsദുബാരെ ആനത്താവളത്തിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
https://www.madhyamam.com/obituaries/tourist-trampled-under-two-fighting-elephants-at-karnataka-dubare-elephant-camp-1521023
കുടക്: കർണാടകയിലെ കുടകിലെ ദുബാരെ ആനത്താവളത്തിൽ ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മാർത്താണ്ഡ എന്ന ആന ചരിഞ്ഞു. കാവേരി നദിയിലെ കുളിപ്പിക്കുന്നതിനിടയിൽ കാഞ്ചൻ എന്ന മറ്റൊരു ആനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മാർത്താണ്ഡ എന്ന കൊമ്പന് ഗുരുതരമായി പരിക്കേറ്റത്. ഏകദേശം 4,500 കിലോഗ്രാം ഭാരമുണ്ടായിരുന്ന മാർത്താണ്ഡനെ 2023-ൽ ഹാസൻ ജില്ലയിലെ ആലൂരിൽ നിന്നാണ് പിടികൂടിയത്. ഈ ആനയുടെ വേർപാടിൽ വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെയും അനുശോചനം രേഖപ്പെടുത്തി.
ഇതേ സംഭവത്തിലാണ് വിനോദസഞ്ചാരിയായ യുവതിക്കും ജീവൻ നഷ്ടപ്പെട്ടത്. ദുബാരെ ആനത്താവളത്തിൽ ആനയെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുകയായിരുന്നു ചെന്നൈ സ്വദേശിയായ 33 വയസ്സുകാരി ജിന്നു. ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയിൽ ഞെരിഞ്ഞമർന്ന യുവതി ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്.
ആനകളെ നീക്കിയ ശേഷം ജിന്നുവിന്റെ മൃതദേഹം കുശാൽനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മലയാളികളടക്കം നിരവധി പേർ ദിനേന എത്തുന്ന സ്ഥലമാണ് ദുബാരെ ആനത്താവളം. ഇവിടെ വിനോദസഞ്ചാരികൾക്ക് ആനസവാരിയും ബോട്ട് യാത്രയും അടക്കമുള്ള സൗകര്യങ്ങൾ ഉണ്ട്. ആനസവാരിക്ക് ഉപയോഗിക്കുന്ന ആനകളാണ് പരസ്പരം ഏറ്റുമുട്ടുകയും യുവതിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ദുബാരെ ആന ക്യാമ്പില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക വന വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

