ആംവേ ഇന്ത്യയുടെ 757 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: മൾട്ടിലെവൽ മാർക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലുള്ള കമ്പനിയുടെ ഭൂമി, ഫാക്ടറി കെട്ടിടങ്ങൾ, പ്ലാന്റ്, മെഷിനറികൾ, വാഹനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരം നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയുമാണ് കേന്ദ്ര ഏജന്‍സി കണ്ടുകെട്ടിയത്.
ഡയറക്ട് സെല്ലിങ്, മൾട്ടി-ലെവൽ മാർക്കറ്റിങ് നെറ്റ്വർക്കിങ്ങിലൂടെ വൻ തട്ടിപ്പാണ് ആംവേ ഇന്ത്യ നടത്തിയതെന്ന് ഇ.ഡി അറിയിച്ചു. കമ്പനിയുടെ മുഴുവൻ ശ്രദ്ധയും ഇതിൽ ചേരുന്ന അംഗങ്ങൾ എങ്ങനെ സമ്പന്നരാകുമെന്ന് പ്രചരിപ്പിക്കുന്നതിലാണ്. ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മാർക്കറ്റിൽ ലഭ്യമായ മറ്റു കമ്പനികളുടെ ഉൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആംവേ ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് കൊള്ളവിലയാണ് ഈടാക്കുന്നത്.
ഉൽപന്നങ്ങള് വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും ശൃംഖലയിലെ മറ്റ് അംഗങ്ങള്‍ക്ക് സമ്പന്നരാകാനാണെന്നും ഇ.ഡി പറയുന്നു. 2002-03 മുതൽ 2021-22 വരെയുള്ള കാലയളവിൽ കമ്പനി ബിസിനസ് പ്രവർത്തനങ്ങളിൽനിന്ന് മൊത്തം 27,562 കോടി രൂപ സമാഹരിച്ചതായും ഇതിൽനിന്ന് 7,588 കോടി രൂപ കമീഷനായി ഇന്ത്യയിലെയും അമേരിക്കയിലെയും വിതരണക്കാർക്കും അംഗങ്ങൾക്കും നൽകിയതായും ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

