അഹമ്മദാബാദ്: വിവാദ വാർത്തകളുടെ തോഴനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന് പിന്തുണയുമായി അമൂൽ മാനേജിങ് ഡയറക്ടർ ആർ.എസ്.സോധി. യുവാക്കൾ സർക്കാർ ജോലിക്കുവേണ്ടി സമയം കളയാതെ പശുവിനെ വാങ്ങി പാൽ വിറ്റാൽ പത്തു വർഷം കൊണ്ടു 10 ലക്ഷം രൂപ സമ്പാദിക്കാമെന്ന ബിപ്ളവിന്‍റെ പ്രസ്താവനയെയാണ് സോധി പിന്തുണച്ചത്.
ബിപ്ലവ് ദേവിന്‍റേത് പ്രായോഗികമായ ആശയമാണ്. ‘പാൽക്ഷാമം അനുഭവിക്കുന്ന ത്രിപുരയെ സംബന്ധിച്ചു വളരെ പ്രായോഗികവും യുക്തിപരവുമായ നിർദേശമാണിത്. പാൽ ഇറക്കുമതിക്കായി കോടിക്കണക്കിനു രൂപയാണു സംസ്ഥാനം ചെലവഴിക്കുന്നത്. ത്രിപുരയിലെ യുവാവിന് 10 പശുക്കളുണ്ടെങ്കിൽ പ്രതിവർഷം 6–7 ലക്ഷം രൂപ സമ്പാദിക്കാം’– സോധി പറഞ്ഞു.
ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ത്രിപുര പാൽ ഇറക്കുമതി ചെയ്യുന്നത്. ബാങ്കുകളിൽനിന്നു വായ്പയെടുത്ത് യുവാക്കൾക്കു പശുക്കളെ വാങ്ങാം. ഗുജറാത്തിൽ ഇത്തരത്തിൽ 8000 ഫാമുകളുണ്ടെന്നും സോധി വിശദീകരിച്ചു.