ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന്; അലിഗഡ് അസി. പ്രഫസർക്ക് സസ്‌പെൻഷൻ
text_fieldsലഖ്നോ: ഹിന്ദു ദൈവങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നതിനിടെ മതവികാരം വ്രണപ്പെടുത്തിയതിന് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ ഡോ. ജിതേന്ദ്ര കുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സർവകലാശാല മുൻ വിദ്യാർഥിയായ ഡോ. നിഷിത് ശർമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ജിതേന്ദ്ര കുമാർ പ്രഭാഷണത്തിനിടെ അവതരിപ്പിച്ച സ്ലൈഡിൽ ബലാത്സംഗത്തെക്കുറിച്ചുള്ള പുരാണ പരാമർശങ്ങൾ നടത്തിയതാണ് വിവാദമായത്. പ്രഭാഷണത്തിന്‍റെ വിഡിയോകളും സ്ക്രീന്‍ ഷോട്ടുകളും വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവത്തെ എ.എം.യു അഡ്മിനിസ്ട്രേഷനും ഫാക്കൽറ്റിയും ശക്തമായി അപലപിക്കുകയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും പൗരന്മാരുടെയും മതവികാരം വ്രണപ്പെടുത്തിയതിന് ഡോ. ജിതേന്ദ്ര കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാന്‍ പ്രഫസറോട് ആവശ്യപ്പെട്ടതായി സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും രണ്ടംഗ സമിതിക്ക് രൂപം നൽകിയതായും അവർ കൂട്ടിച്ചേർത്തു.
നോട്ടീസ് ലഭിച്ചതോടെ സംഭവത്തിൽ ഡോ. ജിതേന്ദ്ര കുമാർ മാപ്പ് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു മതത്തെ അപകീർത്തിപ്പെടുത്തണമെന്നോ മതവികാരം വ്രണപ്പെടുത്തണമെന്നോ ഉള്ള ഉദ്ദേശത്തോടെയല്ല താന്‍ പ്രഭാഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സംഗം നമ്മുടെ സമൂഹത്തിൽ പണ്ട് മുതലേ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. ഇത് അശ്രദ്ധമായ തെറ്റാണെന്നും ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

