‘അമൃത് കാല്‍‘ കേന്ദ്രത്തിന്റെ മുതലാളിത്ത സുഹൃത്തുക്കൾക്കു വേണ്ടി; ദലിതരെയും ന്യൂനപക്ഷങ്ങളെയും ഒഴിവാക്കുന്നു - ചന്ദ്രശേഖർ ആസാദ്
text_fieldsലക്നോ: കേന്ദ്ര സർക്കാറിന്റെ ‘അമൃത് കാല്‍’ എന്ന മുദ്രാവാക്യത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സ്ഥാനമില്ലെന്നും സർക്കാറിന്റെ മുതലാളിത്ത സുഹൃത്തുക്കൾക്കൾക്കുവേണ്ടിയാണതെന്നും ‘ആസാദ് സമാജ് പാർട്ടി’ നേതാവും ലോക്‌സഭാംഗവുമായ ചന്ദ്രശേഖർ ആസാദ്. സംസ്ഥാനങ്ങളിലുടനീളം ദലിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ അതിക്രമങ്ങളുടെയും വിവേചനത്തിന്റെയും നിരവധി സംഭവങ്ങൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങളും ആചാരങ്ങളും അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മാധ്യമ സമ്മേളനത്തിൽ ആസാദ് പറഞ്ഞു.
ഇത് ‘അമൃത് കാല്‍’ ആണെന്ന് ഇന്ത്യൻ സർക്കാർ പറയുന്നു. സർക്കാറിന്റെ ‘മുതലാളിത്ത സുഹൃത്തുക്കൾക്കുള്ള’ അമൃത് കാലാണിത്. ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും അവരുടെ ദൈനംദിന ജീവിതത്തിൽ ഉയർന്ന തോതിലുള്ള അസമത്വവും അനീതിയും നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ, മീററ്റ്, മഥുര, ഷാംലി, രാജസ്ഥാനിലെ ദൗസ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കുതിരപ്പുറത്ത് വിവാഹ ഘോഷയാത്രകളിൽ പങ്കെടുത്തതിന് ദലിത് യുവാക്കൾക്ക് നേരെ മുന്നാക്ക ജാതിക്കാർ നടത്തിയ ആക്രമണങ്ങളുടെ സമീപകാല സംഭവങ്ങൾ ആസാദ് ഉദ്ധരിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിനെ ആക്രമിച്ചതും അദ്ദേഹം പരാമർശിച്ചു.
‘ഘോഷയാത്രകൾ തടയുകയും ദലിത് യുവാക്കളെ കുതിരകളിൽനിന്ന് വലിച്ചിഴക്കുകയും ചെയ്യുന്നു. ദലിതരെ മനുഷ്യരായി പരിഗണിക്കുന്നില്ല. ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വിവിധ ജില്ലകളിൽ സമീപ മാസങ്ങളിൽ നിരവധി ദലിതർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആസാദ് ആരോപിച്ചു. 2023ൽ മധ്യപ്രദേശിൽ ഒരു ആദിവാസിയുടെ മുഖത്ത് മുന്നാക്ക ജാതിക്കാരൻ മൂത്രമൊഴിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീഹാറിലെ ബോധ്ഗയയിൽ മഹാബോധി മഹാവിഹാര മുക്ത് ആന്ദോളൻ സംഘടിപ്പിച്ച ബുദ്ധ സന്യാസിമാരുടെ പ്രതിഷേധത്തിന് തന്റെ പാർട്ടി പിന്തുണ നൽകുന്നതായി ആസാദ് പറഞ്ഞു. മഹാവിഹാര മാനേജ്മെന്റ് ബുദ്ധമത സമൂഹത്തിന് കൈമാറണമെന്നും 1949ലെ ബോധ്ഗയ ക്ഷേത്ര നിയമം പിൻവലിക്കണമെന്നും സന്യാസിമാർ ആവശ്യപ്പെട്ടിരുന്നു. മാനേജ്മെന്റ് കമ്മിറ്റിയിൽ ബുദ്ധമതക്കാരല്ലാത്തവരാണ് ആധിപത്യം പുലർത്തുന്നത്.
ജാർഖണ്ഡിലെ കോഡെർമയിൽ സന്ത് രവിദാസിന്റെ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ച ഒരു കൂട്ടം ആളുകൾക്കെതിരെ നടന്ന ആക്രമണ കേസുകൾ അദ്ദേഹം എടുത്തുപറഞ്ഞു. നാഗിന ഉൾപ്പെടെ ജില്ലകളിലെ പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഇത്രയധികം സമൂഹങ്ങളുടെ വിശ്വാസങ്ങളോടും ആദരവോടും ഒരു ബഹുമാനവുമില്ലാത്തപ്പോൾ എന്താണ് ഈ ‘അമൃത് കാൽ’? -അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘അമൃതത്തിന്റെ യുഗം’ എന്നർത്ഥം വരുന്ന ‘അമൃത് കാൽ’ എന്ന ആശയം അവതരിപ്പിച്ചത്. 2047 ലെ ‘നവ ഇന്ത്യ’ക്കായുള്ള മോദിയുടെ കാഴ്ചപ്പാടാണ് ‘അമൃത് കാൽ’ എന്നാണ് കേന്ദ്ര സർക്കാറിന്റെ അവകാശ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

